കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാന്റെ ക്രൂരത തുടരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം അഫ്ഗാനിസ്താനിൽ നഗര മധ്യത്തിൽ ക്രെയിനില്‍ കെട്ടിത്തൂക്കി. പടിഞ്ഞാറെ അഫ്ഗാനിസ്താനിലെ ഹെറാത് സിറ്റിയിലാണ് സംഭവം.
നഗരത്തിലേക്ക് നാല് മൃതദേഹങ്ങളാണ് കൊണ്ടു വന്നത്. ഇതിൽ മൂന്ന് മൃതദേഹങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോയി. ഒരു മൃതദേഹം നഗര മധ്യത്തിൽ ക്രെയിനിൽ കെട്ടിത്തൂക്കി. നഗരത്തിൽ ഫാർമസി നടത്തുന്ന വസീർ അഹമ്മദ് സിദ്ദീഖി പറഞ്ഞു. തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ടാണ് നാലുപേരെയും പോലീസ് വധിച്ചതെന്ന് താലിബാൻ പറഞ്ഞതായി സിദ്ദീഖി പറഞ്ഞു. എന്നാൽ പെട്ടെന്നുള്ള വധശിക്ഷ ആയിരുന്നില്ലെന്നും പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമോ അല്ലെങ്കിലും അതിന് മുമ്പോ ഉണ്ടായ വെടിവെപ്പിലായിരിക്കണം ഇവർ കൊല്ലപ്പെട്ടതെന്ന് സിദ്ദീഖി വ്യക്തമാക്കി.
എന്നാൽ താലിബാന്റെ ഭാഗത്തുനിന്ന് ഇതിനെക്കുറിച്ചുള്ള പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. അഫ്ഗാനിൽ വധശിക്ഷയും അംഗവിച്ഛേദവും താലിബാൻ തിരികെ കൊണ്ടുവരും എന്ന് കഴിഞ്ഞ ദിവസം താലിബാൻ നേതാവ് പ്രഖ്യാപിച്ചിരുന്നു. കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടുന്നവരുടെ കൈ വെട്ടുന്നതും വധശിക്ഷ നടപ്പാക്കുന്നതും പുനഃസ്ഥാപിക്കുമെന്ന് അഫ്ഗാൻ ജയിലുകളുടെ ചുമതലയുള്ള നീതിന്യായവകുപ്പുമന്ത്രിയും മുതിർന്ന താലിബാൻ നേതാവുമായ നൂറുദ്ദീൻ തുറബി പറഞ്ഞിരുന്നു. പൊതുസ്ഥലത്തുവെച്ച് ശിക്ഷ നടപ്പാക്കുന്നതുസംബന്ധിച്ച് നയം രൂപവത്കരിക്കുമെന്നും നൂറുദ്ദീൻ പറഞ്ഞു.
താലിബാൻ പ്രഖ്യാപിച്ച താത്കാലികമന്ത്രിസഭയിൽ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന അംഗങ്ങളിലൊരാളാണ് നൂറുദ്ദീൻ. അതേസമയം മോഷണം ആരോപിക്കപ്പെടുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതടക്കമുള്ള ശിക്ഷാരീതികൾ ഇതിനകം താലിബാൻ തുടങ്ങിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.