'പഞ്ചാബിലെ പുതു മന്ത്രിസഭയില്‍ അഴിമതിക്കാരന്‍'; പരാതിയുമായി ആറ് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍

'പഞ്ചാബിലെ പുതു മന്ത്രിസഭയില്‍ അഴിമതിക്കാരന്‍'; പരാതിയുമായി ആറ് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍

ചണ്ഡിഗഢ്:ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജി നല്‍കിയ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ രൂപം കൊണ്ട ചരണ്‍ജിത്ത് സിങ് ഛന്നി മന്ത്രിസഭയിലെ ആറ് അംഗങ്ങള്‍ പുതുമുഖങ്ങള്‍. അഴിമതി ആരോപണത്തെ തുടര്‍ന്ന് അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്ന റാണാ ഗുരുജീത്ത് സിങിനെ വീണ്ടും മന്ത്രിയാക്കിയത് വിവാദത്തിനു വഴി തെളിച്ചു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഈ നടപടിക്കെതിരെ ആറ് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ ഉള്‍പ്പെടെ പരസ്യമായി രംഗത്തുവന്നു.

സംസ്ഥാനത്ത് ഏതാനും മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മന്ത്രിസഭയിലെ ഈ അഴിച്ചുപണി. കഴിഞ്ഞ മന്ത്രിസഭയിലെ ചിലരെ ഒഴിവാക്കുകയും മറ്റു ചിലരെ നിലനിര്‍ത്തുകയും ചെയ്തു. 15 അംഗങ്ങളാണു മന്ത്രിസഭയിലുള്ളത്. പുറത്താക്കപ്പെട്ട മന്ത്രിമാരും കടുത്ത പ്രതിഷേധവുമായി പരസ്യ പ്രസ്താവനയിറക്കി. പഞ്ചാബിലെ ഏറ്റവും ധനികരായ എം.എല്‍.എമാരില്‍ ഒരാളാണ് അഴിമതിയിലൂടെ വിവാദത്തിലായ റാണാ ഗുരുജീത്ത്. ഇദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായുമുള്ള അടുപ്പത്തിന്റെ ബലത്തില്‍ അമരീന്ദര്‍ സിംഗിനെ ഒഴിവാക്കാന്‍ കഴിഞ്ഞെങ്കിലും നവജ്യോത് സിംഗ് സിദ്ദുവിന്റെ നീക്കങ്ങള്‍ അത്ര സുഗമമാകില്ല എന്ന സൂചനകളാണ് പുതുമന്ത്രിസഭയുടെ രൂപീകരണത്തോടെ പുറത്തുവന്നിരിക്കുന്നത്.സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയാറാണെന്നും സിദ്ദുവിനെതിരെ തെരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. നവ്ജോത് സിംഗ് സിദ്ദു അപകടകാരിയാണെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചിരുന്നു.

സിദ്ദു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് രണ്ടക്കം കാണില്ല. വരാനാരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ദു ജയിക്കില്ല. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു. പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്. അമരീന്ദറും സിദ്ദുവും തമ്മില്‍ കുറേക്കാലമായി അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.