കാബൂള്‍: താലിബാന്‍ ഭീകരര്‍ പഴയ കാലത്തെ കടുത്ത മത നിയമങ്ങളിലേക്ക് അഫ്ഗാനിസ്താനെ തിരികെയെത്തിക്കുന്നതിന്റെ ആദ്യ പടിയായി ബാര്‍ബര്‍ ഷോപ്പുകളില്‍ കര്‍ശന പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പുരുഷന്മാര്‍ ആരും താടി വടിയ്ക്കരുതെന്ന് ഫത്വ പുറപ്പെടുവിച്ചു. ഹെല്‍മന്ദ് പ്രവിശ്യയിലാണ് ആദ്യ പ്രഖ്യാപനം വന്നത്. കാബൂളിലും ബാര്‍ബര്‍മാരെ ഭീകരര്‍ വിരട്ടുന്നുണ്ട്.
'ഇന്നു മുതല്‍ ബാര്‍ബര്‍ഷോപ്പുകളില്‍ എത്തുന്നവരുടെ താടിവടിയ്ക്കാന്‍ അനുവാദമില്ല. അതുപോലെ ഒരു സ്ഥാപനങ്ങളിലും ഇനി മുതല്‍ പാട്ടുകേള്‍ക്കുന്ന സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ജോലിക്കിടെ മൂളിപ്പാട്ടും പാടാന്‍ അനുവാദമില്ല ' ഹെല്‍മന്ദ് പ്രവിശ്യയില്‍ താലിബാന്‍ ഭരണകൂടത്തിന്റെ ശരിയത്ത് നിയമം അനുസരിച്ചു പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാന്‍ വരുന്നവര്‍ വിവിധ സ്‌റ്റൈലുകളില്‍ മുടിവെട്ടുന്നതും നിരോധിച്ചിരിക്കുകയാണ്. താലിബാന്‍ മന്ത്രിസഭയില്‍ പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള ഇസ്ലാമിക് ഓറിയന്റേഷന്‍ ആന്റ് റെപ്രസന്ററ്റീവ്സ് ഓഫ് മെന്‍ എന്ന വകുപ്പാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.ജീവിതമാര്‍ഗ്ഗം അടഞ്ഞ അവസ്ഥയിലാണ് തങ്ങളില്‍ മിക്കവരുമെന്ന് കാബൂളിലെ ബാര്‍ബര്‍മാര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്‍ ഭരണത്തില്‍ കീഴിലായ ശേഷം സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യവും തുടക്കത്തിലേ തന്നെ എടുത്തുകളഞ്ഞിരുന്നു. ശരിയത്ത് നിയമമെന്ന പേരില്‍ പൊതുസമൂഹത്തിലെ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കുമേലും കൈവയ്ക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ഇതിനിടെ കടുത്ത സാമ്പത്തിക ബാദ്ധ്യതയും ഭക്ഷ്യക്ഷാമവും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഒരോ പ്രവിശ്യയും അവരവരുടേതായ നിയമം ഓരോ രീതിയില്‍ കര്‍ശനമായി നടപ്പാക്കിവരുന്നു.
പഴയ താലിബാന്‍ ഭരണകൂടത്തെ പുറത്താക്കി യു.എസ് ആഭിമുഖ്യമുള്ള ഭരണം വന്ന ശേഷം അഫ്ഗാനിസ്താനില്‍ ബാര്‍ബര്‍ ഷാപ്പുകളും ബ്യൂട്ടി പാര്‍ലറുകളും നല്ല വരുമാനമുണ്ടാക്കിയിരുന്നു. വിദേശ മാതൃകയിലുള്ള ഹെയര്‍ കട്ടിംഗിലും ക്‌ളീന്‍ ഷേവിംഗിലും യുവാക്കള്‍ താല്‍പ്പര്യം കാണിച്ചുവന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.