തിരുവനന്തപുരം: അനുനയ നീക്കം നടക്കുന്നതിനിടെ പ്രതിഷേധം കടുപ്പിച്ച് എ.ഐ.സി.സി അംഗത്വവും വി.എം സുധീരന്‍ രാജിവച്ചു. രാഷ്ട്രീയകാര്യ സമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെയാണ് അദ്ദേഹം എ.ഐ.സി.സി അംഗത്വവും രാജിവച്ചത്.രാജിക്കത്ത് സോണിയാ ഗാന്ധിക്ക് അയച്ചു കൊടുത്തു.
സംസ്ഥാനത്തിലെ പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ സുധീരന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ നടപടി ഉണ്ടാവാത്തതില്‍ ദുഖമുണ്ടെന്നും രാജി കത്തില്‍ പറയുന്നു.
രാഷ്ട്രീയകാര്യ സമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ സുധീരനെ അനുനയിപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇടപെട്ടിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുധീരന്‍ രാജിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എ.ഐ.സി.സി അംഗത്വവും രാജിവച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.
ഇന്നലെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവിനോട് പുതിയ സംസ്ഥാന നേതൃത്വവും മതിയായ കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന പരിഭവം ചില ഉദാഹരണങ്ങള്‍ നിരത്തി സുധീരന്‍ വ്യക്തമാക്കിയിരുന്നു. സുധീരനെ മനൂര്‍വം അവഗണിച്ചിട്ടില്ലെന്ന് പറഞ്ഞ സതീശന്‍, തുടക്കത്തില്‍ ചില വീഴ്ചകളുണ്ടായെന്ന് സമ്മതിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പിന്നീട് സുധീരനെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയതും ചൂണ്ടിക്കാട്ടി.
സതീശനും സുധാകരനുമടക്കമുള്ള പുതിയ നേതൃത്വം വരുന്നതിനായി വാദിച്ച തനിക്ക് പക്ഷേ നിരാശയാണുണ്ടായതെന്നാണ് സുധീരന്റെ പരിഭവം. കഴിഞ്ഞകാല നേതൃത്വത്തിന്റെ തെറ്റ് തിരുത്താനാണ് പുതിയ നേതൃത്വം വരണമെന്ന് ആഗ്രഹിച്ചതെങ്കിലും അവരും പഴയ വഴിക്ക് നീങ്ങുന്നുവെന്ന് ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനക്കാര്യവും കെ.പി.സി.സി പുന:സംഘടനാ ചര്‍ച്ചയുമടക്കം ചൂണ്ടിക്കാട്ടി സുധീരന്‍ വിശദീകരിച്ചു. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലാക്കുമെന്ന പേരില്‍ നടത്തുന്ന പരിഷ്‌കാരങ്ങളിലും അതൃപ്തിയറിയിച്ചു.
രാജിയില്‍ സുധീരന്‍ ഉറച്ചുനിന്നാലും മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ അദ്ദേഹത്തെയും തുടര്‍ന്നുള്ള പുനസംഘടനാ ചര്‍ച്ചകളിലടക്കം ഉള്‍ക്കൊള്ളാനുള്ള ശ്രമം നേതൃത്വം നടത്തിയേക്കും. സുധീരനെയും മുല്ലപ്പള്ളിയെയും പരമാവധി സഹകരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇരുവരും വിട്ടുനില്‍ക്കുന്നുവെന്ന പരിഭവം സംസ്ഥാന നേതൃത്വത്തിനുണ്ട്.
മുതിര്‍ന്ന നേതാക്കളെ സഹകരിപ്പിച്ച് കൊണ്ടു പോകാനുള്ള നീക്കങ്ങള്‍ നടത്തണമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. കേരളത്തിലുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വി.എം സുധീരനോട് ഇന്നു തന്നെ ചര്‍ച്ച നടത്തിയേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.