കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ മോന്‍സണ്‍ മാവുങ്കലിനെ പല കേസുകളിലും സംരക്ഷിച്ചത് ഉന്നതരെന്ന് കണ്ടെത്തല്‍. ട്രാഫിക് ഐ.ജി ജി ലക്ഷ്മണ മോന്‍സണിനായി ഇടപെട്ടതിന്റെ ഇമെയില്‍ വിവരങ്ങള്‍ പുറത്തു വന്നു. ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡിലുള്ള മോന്‍സണെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ലക്ഷമണ ഇടപെട്ടത്. ഈ കേസിലെ അന്വേഷണം ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ കേസന്വേഷണം ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ ട്രാഫിക് ഐജിയായ ജി. ലക്ഷ്മണ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മണ അയച്ച ഇമെയില്‍ വിവരങ്ങളാണിപ്പോള്‍ പുറത്തു വന്നത്.
കേസന്വേഷണം മാറ്റാന്‍ ലക്ഷ്മണ ഉത്തരവിട്ട ഇ-മെയില്‍ വിവരങ്ങള്‍ മോന്‍സണ്‍ തന്നെയാണ് പരാതിക്കാര്‍ക്ക് നല്‍കിയിരുന്നത്. തങ്ങളില്‍ വിശ്വാസ്യതയുണ്ടാക്കാനാണ് മോന്‍സണ്‍ ഐജിയുടെ ഉത്തരവ് കാണിച്ചുതെന്ന് പരാതിക്കാര്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
സംസ്ഥാനത്തെ നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മോന്‍സണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് പുറത്ത് വരുന്ന വിവരം. കൊച്ചി നഗരത്തിലെ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിന് തൊട്ടുമുമ്പ് ചേര്‍ത്തലയില്‍ നടന്ന മോന്‍സണിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിലും പ്രമുഖരായ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരും മോന്‍സണും തമ്മില്‍ നിയമവിരുദ്ധമായ ഇടപെടലുകളുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.