കാന്‍ബറ: കാലാവസ്ഥാ പ്രതിസന്ധിക്കു കാരണമാകുന്ന കല്‍ക്കരി വൈദ്യുതി നിലയങ്ങളുടെ പേരില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടം വിമര്‍ശനം നേരിടവേ, നവംബറില്‍ നടക്കുന്ന യു.എന്നിന്റെ നിര്‍ണായക കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പങ്കെടുത്തേക്കില്ലെന്നു സൂചന.
സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഒക്ടടോബര്‍ 31-നും നവംബര്‍ 12-നും ഇടയിലാണ് COP26 എന്നറിയപ്പെടുന്ന കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്.
വെസ്റ്റ് ഓസ്‌ട്രേലിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ സൂചിപ്പിച്ചത്.
വീണ്ടുമൊരു വിദേശയാത്ര നടത്തുന്നത് പ്രയാസകരമാണ്. ദിവസങ്ങളോളം താന്‍ ക്വാറന്റീനില്‍ ചെലവഴിച്ചുകഴിഞ്ഞു-പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ ചതുര്‍രാഷ്ട്ര കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സ്‌കോട്ട് മോറിസണ്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു.
ലോകനേതാക്കള്‍ പങ്കെടുക്കുന്ന 12 ദിവസത്തെ ഉച്ചകോടി ആഗോള താപനം കുറയ്ക്കാനുള്ള നടപടികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കാനും ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി പരിമിതപ്പെടുത്താനുമുള്ള മാനദണ്ഡങ്ങള്‍ പുതുക്കുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ കാലാവസ്ഥാ വ്യതിയാനമല്ല, മറ്റു ചില മുന്‍ഗണനകളാണ് തനിക്കു മുന്നിലുള്ളതെന്ന് സ്‌കോട്ട് മോറിസണ്‍ പറയുന്നു.
കോവിഡുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ വീണ്ടും തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുപാട് പ്രശ്‌നങ്ങള്‍ തനിക്ക് ഒരേസമയം കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി, വാതക കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. 2030 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഓസ്‌ട്രേലിയ.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനുള്ള 'നെറ്റ് സീറോ എമിഷന്‍' എന്ന ലക്ഷ്യം എത്രയും വേഗം ഓസ്‌ട്രേലിയ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്‌കോട്ട് മോറിസണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനായി എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
2050 ആകുമ്പോഴേക്കും യു.എസ്, യു.കെ, തുടങ്ങിയ പല വികസിത രാജ്യങ്ങളും 'നെറ്റ് സീറോ എമിഷന്‍' എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പുകളെല്ലാം അവഗണിക്കുന്ന സമീപനമാണ് ഓസ്‌ട്രേലിയ കൈക്കൊള്ളുന്നതെന്ന് നിരന്തരം വിമര്‍ശനം ഉയരുന്നുണ്ട്. കല്‍ക്കരി വൈദ്യുതി നിലയങ്ങളിലൂടെ വലിയ അളവിലാണ് ഓസ്‌ട്രേലിയ കാര്‍ബണ്‍ പുറന്തള്ളുന്നത്.
അതേസമയം, പ്രധാനമന്ത്രി പങ്കെടുത്തില്ലെങ്കിലും ഉച്ചകോടിയില്‍ ഉയര്‍ന്ന തലത്തിലുള്ള പ്രാതിനിധ്യം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ വ്യക്തമാക്കി. ഓസ്ട്രേലിയ ഉച്ചകോടിയില്‍ ശക്തമായ പ്രാതിനിധ്യം അറിയിക്കുകയും ഞങ്ങളുടെ പ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.