അഡലെയ്ഡ്: ഓസ്‌ട്രേലിയന്‍ തീരത്ത് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് വിഭാഗത്തില്‍പെട്ട കൂറ്റന്‍ സ്രാവ് കരയ്ക്കടിഞ്ഞു. സൗത്ത് ഓസ്ട്രേലിയയിലെ ഫൗളേഴ്സ് ബേയ്ക്ക് സമീപമുള്ള കടല്‍ത്തീരത്താണ് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് ചത്തു കരയ്ക്കടിഞ്ഞത്. സ്രാവുകളിലെ ഏറ്റവും വലിപ്പമേറിയതും അപകടകാരിയുമാണ് ഗ്രേറ്റ് വൈറ്റ് സ്രാവുകള്‍.
ഏകദേശം ഒരു വയസുള്ളതായി അനുമാനിക്കുന്ന സ്രാവിന് 2.5 മീറ്റര്‍ നീളമുണ്ട്. ഇത്തരത്തില്‍ ശരീരത്തിനു കേടുപാടുകളില്ലാതെ ആരോഗ്യമുള്ള സ്രാവുകള്‍ ചത്തു കരയ്ക്കടിയുന്നത് അത്യപൂര്‍വമാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. സ്രാവിന്റെ വായുടെ ഭാഗം ചുവന്ന നിറത്തിലാണ് കാണപ്പെട്ടത്.
തീരപ്രദേശത്തു താമസിക്കുന്നവരാണ് സ്രാവ് കരയ്ക്കടിഞ്ഞത് ആദ്യം കണ്ടെത്തിയത്. സൗത്ത് ഓസ്ട്രേലിയയിലെ ഫിഷറീസ് വിഭാഗത്തിന്റെ സഹായത്തോടെ സ്രാവിനെ നാഷണല്‍ പാര്‍ക്ക്‌സ് ആന്‍ഡ് വൈല്‍ഡ്ലൈഫ് സര്‍വീസിലെ മറൈന്‍ കോര്‍ഡിനേറ്റര്‍ ഡര്‍ക്ക് ഹോള്‍മാന്റെ നേതൃത്വത്തിലാണ് കടലില്‍നിന്ന് നീക്കിയത്. കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ ഫ്രീസറിലാണ് സ്രാവിനെ സൂക്ഷിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് വിഭാഗത്തില്‍പെട്ട സ്രാവിനെ വാഹനത്തിലേക്കു കയറ്റുന്നു
ആരോഗ്യമുള്ള ഇളംപ്രായത്തിലുളള സ്രാവ് കടല്‍ത്തീരത്ത് അടിയുന്നത് വളരെ അപൂര്‍വമാണെന്ന് ഡര്‍ക്ക് ഹോള്‍മാന്‍ പറഞ്ഞു. സാധാരണ രോഗം ബാധിച്ചതോ പരുക്കേറ്റതോ ആയ സ്രാവുകളാണ് കരയ്ക്കടിയുന്നത്.
വേലിയേറ്റ സമയത്ത് സ്രാവ് കടല്‍ത്തീരത്ത് എത്തിയതായിരിക്കാം. തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഈ ഇനം സ്രാവുകള്‍ വളരെ വിരളമാണ്. സാല്‍മണ്‍ മത്സ്യങ്ങളെ തേടിയാവും അവ ഇവിടേക്ക് എത്തിയത്. മണലില്‍ ഉരേഞ്ഞാ സൂര്യപ്രകാശമേറ്റോ ആണ് വായ് ഭാഗം ചുവന്നിരിക്കുന്നത്.
സി.എസ്.ഐ.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ സ്രാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പഠനം നടത്തും. ശരീരം അഴുകുന്നതിന് മുന്‍പ് സ്രാവിനെ വേഗത്തില്‍ കണ്ടെത്തിയതിനാല്‍, ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ ഗവേഷണം നടത്താന്‍ കഴിയും. ഇതിലൂടെ സ്രാവുകളുടെ ജനസംഖ്യാ വിശകലനത്തിന് സഹായകമാകുന്ന വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഹോള്‍മാന്‍ പറഞ്ഞു. ആറു മീറ്റര്‍ വരെ നീളത്തില്‍ വളരുന്ന സ്രാവാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.