ഉത്തരാഖണ്ഡില്‍ ചൈനീസ് സേനയുടെ കടന്നുകയറ്റം; പാലത്തിന് കേടുപാടുണ്ടാക്കിയതായി റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡില്‍ ചൈനീസ് സേനയുടെ കടന്നുകയറ്റം; പാലത്തിന് കേടുപാടുണ്ടാക്കിയതായി റിപ്പോര്‍ട്ട്

ഡെറാഡൂൺ: നൂറിലധികം ചൈനീസ് സൈന്യം ഉത്തരാഖണ്ഡില്‍ കടന്നു കയറിയതായി റിപ്പോര്‍ട്ട്. സൈനികര്‍ കടന്നുകയറി പാലത്തിനും ചില നിര്‍മിതികള്‍ക്കും കേടുപാടുകള്‍ വരുത്തി.  ഉത്തരാഖണ്ഡിലെ ബറഹോട്ടിയിലെ ഇന്ത്യൻ പ്രദേശത്ത് കഴിഞ്ഞ മാസം 30നാണ് ചൈനീസ് പ്രകോപനമുണ്ടായത്. അതേസമയം കിഴക്കന്‍ ലഡാക്കിലെ ചൈനീസ് പിന്‍മാറ്റത്തിനിടെയുണ്ടായ കടന്നുകയറ്റം ആശങ്കയോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.

ടുണ്‍ ജുണ്‍ ലാ പാസ് വഴി അഞ്ചു കിലോ മീറ്ററോളം ചൈനീസ് സൈനികര്‍ അകത്തേയ്ക്ക് കടന്നു കയറി. ഇന്ത്യയുടെ ഭാഗത്തെ പാലം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുവരുത്തി. 100ലധികം പട്ടാളക്കാര്‍ 55 കുതിരകളിലായാണ് എത്തിയത്. മൂന്ന് മണിക്കൂറോളം ഇന്ത്യയുടെ ഭാഗത്ത് ചെലവഴിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഐടിബിപിയും സൈന്യവും സ്ഥലത്തെത്തി. അപ്പോഴേയ്ക്കും ചൈനീസ് സൈനികര്‍ തിരികെ പോയി. സംഘര്‍ഷ സാഹചര്യമുണ്ടായില്ല.  നിയന്ത്രണ രേഖയുടെ ഭാഗമായ ഉത്തരാഖണ്ഡിലെ 350 കിലോമീറ്റർ അതിർത്തി ഐടിബിപിയുടെ നിരീക്ഷണത്തിലാണ്. എന്നാൽ അപ്രതീക്ഷിതമായ കടന്നുകയറ്റം രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

അതേസമയം കടന്നുകയറ്റത്തെ കുറിച്ച് അറിവില്ല എന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചത്. 1954ല്‍ ചൈനീസ് സൈന്യം കടന്നു കയറിയ പ്രദേശമാണ് ബറഹോട്ടി. അത് 1962ലെ യുദ്ധത്തിലാണ് കലാശിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇടയ്ക്ക് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിര്‍ത്തിയെക്കുറിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ വ്യത്യസ്ത സമീപനം കടന്നുകയറ്റത്തിന് കാരണമായെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.