ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡില്‍ അബോര്‍ജിനുകളായ രണ്ടു സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും വംശീയ വിവേചനത്തിന്റെ പേരില്‍ ട്രെയിനില്‍നിന്ന് പുറത്താക്കിയതായി പരാതി. സംഭവത്തില്‍ ക്വീന്‍സ് ലാന്‍ഡ് റെയിലിനെതിരേ മനുഷ്യാവകാശ കമ്മിഷനിലും കോടതിയിലും പരാതി നല്‍കി.
ജനുവരിയില്‍ കെയന്‍സിലുള്ള ഡോക്ടറെ കാണാനാണ് 54 വയസുകാരി ഡോണ, മകള്‍ക്കും അഞ്ചു പേരക്കുട്ടികള്‍ക്കുമൊപ്പം സ്പിരിറ്റ് ഓഫ് ക്വീന്‍സ് ലാന്‍ഡ് ട്രെയിനില്‍ യാത്ര ചെയ്തത്. കാബൂള്‍ച്ചറില്‍ നിന്ന് ട്രയിന്‍ പുറപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ബലംപ്രയോഗിച്ച് ഇവരെ പുറത്താക്കിയത്. ഡോണയുടെ സഹയാത്രക്കാരിയായ ആഞ്ചലയ്ക്കും മൂന്നു മക്കള്‍ക്കും ഇതേ അനുഭവം നേരിട്ടു. ബിസിനസുകാരിയും സാമൂഹിക നീതി അഭിഭാഷകയുമായ ആഞ്ചല ബ്രിസ്ബനില്‍നിന്ന് കെയ്ന്‍സിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
ആഞ്ചലയും മക്കളും
രാവിലെ 6:30 നായിരുന്നു കേസിനാസ്പദമായ സംഭവം. തൊട്ടടുത്തിരുന്ന ഒരു യാത്രക്കാരന്‍ ഡോണയുടെ പേരക്കുട്ടികളോടും ആഞ്ചലയുടെ മക്കളോടും മോശമായി പെരുമാറുന്നതായി റെയില്‍ അധികൃതരോട് ഡോണ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ക്വീന്‍സ് ലാന്‍ഡ് റെയില്‍ ജീവനക്കാരും പോലീസും എത്തി ഇയാളെ ട്രെയിനില്‍നിന്ന് നീക്കി.
സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ ശ്രമിച്ച ഡോണയോട് ഒരു ജീവനക്കാരന്‍ മിണ്ടാതിരിക്കാനും മുന്നോട്ടു നീങ്ങാനും ആക്രോശിച്ചു. സംഭവത്തിന്റെ ആഘാതത്തില്‍നിന്നു മുക്തരാകാത്ത കുട്ടികളോടു പോലും ജീവനക്കാരനില്‍നിന്ന് യാതൊരു അനുകമ്പാപൂര്‍ണമായ പെരുമാറ്റവും ഉണ്ടായില്ല. രണ്ടു കുടുംബങ്ങളെയും ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാതെ, ക്വീന്‍സ് ലാന്‍ഡിലെ മക്കേ പ്രദേശത്ത് ഇറക്കിവിടുകയായിരുന്നു.
അതേസമയം, അബോര്‍ജിനുകളായ സ്ത്രീകള്‍ ഭീഷണിപ്പെടുത്തിയതായി റെയില്‍ ജീവനക്കാരും ആരോപിക്കുന്നു. പോലീസ് എത്തിയാണ് രണ്ട് സ്ത്രീകളെയും ബലമായി നീക്കം ചെയ്തത്.
റെയില്‍വേ സ്‌റ്റേഷനിലും ഇവരെ നില്‍ക്കാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. കൈവശം പണമില്ലാത്തതിനാലും സ്ഥലപരിചയം കുറവായതിനാലും ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ആഞ്ചല പറഞ്ഞു.
ടാക്‌സി പിടിച്ച് പ്രദേശത്തെ ഒരു ഷോപ്പിംഗ് സെന്ററില്‍ ചെന്ന് മണിക്കൂറുകളോളം അവിടെ കാത്തിരുന്നു. ഒടുവില്‍ രണ്ട് ഹോട്ടല്‍ മുറികള്‍ക്കും വീട്ടിലെത്താനുള്ള ബസ് ടിക്കറ്റിനുമായി 100 ഡോളറില്‍ കൂടുതല്‍ ചെലവഴിക്കേണ്ടി വന്നു.
ജനുവരിയില്‍ നടന്ന സംഭവങ്ങളെതുടര്‍ന്ന് ക്വീന്‍സ് ലാന്‍ഡ് റെയില്‍ പരാതിക്കാരോടു മാപ്പ് അപേക്ഷിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്‌തെങ്കിലും കേസുമായി മുന്നോട്ടു പോകാന്‍ ഡോണ തീരുമാനിക്കുകയായിരുന്നു. പരാതിക്കാരും ക്വീന്‍സ് ലാന്‍ഡ് റെയിലും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞ ദിവസം ആരംഭിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നും പരാതിക്കാര്‍ക്കുണ്ടായ മാനസിക ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുകയും ക്വീന്‍സ് ലാന്‍ഡ് റെയില്‍ വിവേചനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും റീജണല്‍ ഹെഡ് ജിം ബെന്‍സ്റ്റെഡ് പ്രസ്താവനയില്‍ പറഞ്ഞു.
സ്ത്രീകളോട് മോശമായി പെരുമാറിയ അബോര്‍ജിനല്ലാത്ത യാത്രക്കാരനെ ട്രെയിനില്‍ തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുകയും തങ്ങളെ ഇറക്കിവിട്ടതും വിവേചനമാണെന്ന് സ്ത്രീകള്‍ ആരോപിച്ചു. അയാള്‍ക്ക് കിട്ടിയ പരിഗണന പോലും അബോര്‍ജിനുകളായ സ്ത്രീകള്‍ക്കു ലഭിച്ചില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകനായ മക്കെന്‍സി വേക്ക്ഫീല്‍ഡ് പറഞ്ഞു.
ക്വീന്‍സ് ലാന്‍ഡ് റെയില്‍ പോലുള്ള വലിയ കമ്പനികളുടെ ഇത്തരം പെരുമാറ്റം അങ്ങേയറ്റം മോശമാണെന്നു തിരിച്ചറിയേണ്ടത് പ്രധാനമാണ്. സംഭവവുമായി ബന്ധപ്പെട്ട പരാതി ക്വീന്‍സ് ലാന്‍ഡ് മനുഷ്യാവകാശ കമ്മിഷനും ഫയലില്‍ സ്വീകരിച്ചു.
ട്രെയിനില്‍ അബോര്‍ജിനുകള്‍ വംശീയ വിവേചനം നേരിടുന്ന ആദ്യത്തെ കേസല്ല ഇത്. 2017-ല്‍ വംശീയ വിവേചനത്തിനിരയായ സ്ത്രീ മരണത്തിനു കീഴടങ്ങിയ സംഭവം വരെയുണ്ടായി.
55-കാരിയായ ടാന്യ ഡേ വിക്ടോറിയന്‍ നഗരമായ എച്ചുകയില്‍ നിന്ന് മെല്‍ബണിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യവേ ഉറങ്ങിപ്പോയി. മദ്യലഹരിയിലാണെന്നു കണ്ടെത്തിയതിനെതുടര്‍ന്ന് ട്രെയിന്‍ കണ്ടക്ടറര്‍ പോലീസിനെ വിളിക്കുകയും പൊതു സ്ഥലത്ത് മദ്യപിച്ചതിന് കുറ്റം ചുമത്തുകയും ചെയ്തു.
നാലു മണിക്കൂറോളം ജയിലില്‍ കഴിഞ്ഞ ഡേയുടെ തലയില്‍ മര്‍ദിച്ചതിനെതുടര്‍ന്ന് തലച്ചോറിന് ഗുരുതമായി പരുക്കേറ്റു. പതിനേഴ് ദിവസം കഴിഞ്ഞ്, ക്രിസ്മസിന് മൂന്ന് ദിവസം മുമ്പ്, അവര്‍ മരണത്തിനു കീഴടങ്ങി. ട്രെയിന്‍ കണ്ടക്ടറുടെ നടപടി വംശീയ വിദ്വേഷത്തില്‍ നിന്നുണ്ടായതാണെന്നു അന്വേഷണം നടത്തിയ കൊറോണര്‍ കണ്ടെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.