നാന്‍സി പെലോസിയുടെ കസേരയിലിരുന്ന് മേശയില്‍ കാല്‍ കയറ്റിവച്ചത് ഗുരുതര കുറ്റം; യു എസ് മലയാളികള്‍ ഉറ്റുനോക്കുന്നു, കേരള നിയമസഭയിലെ കയ്യാങ്കളിക്കേസിലേക്ക്

നാന്‍സി പെലോസിയുടെ കസേരയിലിരുന്ന് മേശയില്‍ കാല്‍ കയറ്റിവച്ചത് ഗുരുതര കുറ്റം; യു എസ് മലയാളികള്‍ ഉറ്റുനോക്കുന്നു, കേരള നിയമസഭയിലെ കയ്യാങ്കളിക്കേസിലേക്ക്

വാഷിംഗ്ടണ്‍ ഡി.സി/തിരുവനന്തപുരം : കാപ്പിറ്റോള്‍ കലാപത്തിനിടെ ഹൗസ് സ്പീക്കറുടെ കസേരയില്‍ കടന്നിരുന്ന് മേശയില്‍ കാല്‍ കയറ്റിവച്ച സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ കേരള നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്കെതിരായ വ്യവഹാര നടപടികള്‍ തിരുവനന്തപുരത്ത് എങ്ങനെ പുരോഗമിക്കുന്നുവെന്ന് ഉറ്റുനോക്കുന്നു അമേരിക്കയിലെ മലയാളി സമൂഹം.

ജനുവരി 6 ന് യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചു കയറി, ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ കോണ്‍ഫറന്‍സ് റൂമില്‍ കിടന്നിരുന്ന കസേരയില്‍ ഇരുന്നു മേശയില്‍ കാല്‍ കയറ്റിവച്ച സംഭവത്തില്‍ റിച്ചാര്‍ഡ് ബാര്‍നെറ്റ്് എന്ന പ്രതി കുറ്റക്കാരനാണെന്ന്് കഴിഞ്ഞയാഴ്ച കണ്ടെത്തിയത് വാഷിങ്ടന്‍ ഡി.സി ഫെഡറല്‍ കോടതിയാണ്. ആറു മാസത്തെ ജയില്‍ ശിക്ഷയും 5000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റം.

സ്പീക്കറുടെ ചേംബറില്‍ അനുമതിയില്ലാതെ കടന്നതും കസേരയില്‍ കയറിയിരുന്ന്, മേശയില്‍ കാല്‍ കയറ്റിവച്ച് സെല്‍ഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും ഗുരുതര ക്രിമിനല്‍ കുറ്റമാണെന്നാണു കോടതി വിധി. പെലോസിയുടെ റൂമിലുണ്ടായിരുന്ന മിനി റഫ്രിജറേറ്ററില്‍ നിന്നു ബിയര്‍ എടുത്തതും റിച്ചാര്‍ഡ് ബാര്‍നെറ്റ്് സെല്‍ഫിയിലാക്കി ലോകത്തെ കാണിച്ചിരുന്നു.

സെല്‍ഫി ഫോട്ടോ കോടതി തെളിവായി സ്വീകരിച്ചു. 1.4 മില്യണ്‍ ഡോളറോളം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ കേസില്‍ ഒക് ലഹോമയില്‍ നിന്നു പ്രതിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയ റിച്ചാര്‍ഡ് . നിയമ വിരുദ്ധമായി കാപ്പിറ്റോള്‍ ബില്‍ഡിങ്ങില്‍ പ്രകടനം നടത്തിയതും ഇയാള്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നു. ഡിസംബര്‍ 10നാണു കേസ് വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്നത്. പരിപാവനമായി സൂക്ഷിക്കേണ്ട കാപ്പിറ്റോള്‍ മന്ദിരത്തില്‍ കയറി അക്രമം പ്രവര്‍ത്തിക്കുകയും അവിടെയുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നതു ജനാധിപത്യ വിശ്വാസികളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാവൂ എന്ന്് സംഭവത്തെക്കുറിച്ച് ജനാഭിപ്രായം ഉയര്‍ന്നിരുന്നു.

നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് ജനുവരി ആറിനു ചേര്‍ന്ന യുഎസ് കോണ്‍ഗ്രസിലേക്ക് ഇരച്ചുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് പ്രാധാന കേസ്. ജനുവരി ആറിനു നടന്ന കലാപത്തില്‍ പങ്കെടുത്ത അഞ്ഞൂറു പേര്‍ക്കെതിരെ കേസുണ്ട്.


അതേസമയം, കേരള നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ക്കാതിരിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലെത്തി സര്‍ക്കാര്‍. നിയമപരമായി കുറ്റകരമാണ് എന്ന് അറിഞ്ഞു കൊണ്ടാണ് പ്രതികള്‍ സഭയില്‍ അക്രമം കാട്ടിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. പ്രതികളുടെ പ്രവൃത്തി നിയമസഭ ചരിത്രത്തില്‍ ആദ്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടേണ്ടിവന്നു. കേസ്്് നീര്‍വീര്യമാക്കാന്‍ നടത്തിയ നീക്കങ്ങള്‍ സുപ്രീം കോടതി കര്‍ശനമായി തടഞ്ഞതോടെയാണ് സര്‍ക്കാരിനു നില്‍ക്കക്കള്ളിയില്ലാതെ ചുവടു മാറ്റേണ്ടിവന്നത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്ന വാദത്തിലാണ് സര്‍ക്കാര്‍ മന്ത്രി അടക്കമുള്ള ഇടതു നേതാക്കള്‍ക്കെതിരെ രംഗത്തു വന്നത്. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തന്നെ കുറ്റം തെളിഞ്ഞതാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അതേസമയം തങ്ങള്‍ മാത്രമല്ല, 20 ഓളം പേര്‍ സ്പീക്കറുടെ ഡയസ്സില്‍ കയറിയതായി പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു. ഇതില്‍ തോമസ് ഐസക്ക്, സുനില്‍കുമാര്‍, ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. അതില്‍ തങ്ങള്‍ മാത്രം പ്രതികളായത് എങ്ങനെയെന്നറിയില്ല എന്ന ആത്മഗതവുമുണ്ട്. അതിക്രമം ആയിരുന്നില്ല; വാച്ച് ആന്റ് വാര്‍ഡുകാരാണ് അതിക്രമം കാട്ടിയത് തുടങ്ങിയ ന്യായങ്ങളുമുണ്ട് പ്രതികളുടേതായി.

അമേരിക്കയില്‍ നാന്‍സി പെലോസിയുടെ കസേരയില്‍ ഇരുന്നു മേശയില്‍ കാല്‍ കയറ്റിവച്ചതും ബിയര്‍ എടുത്തുകുടിച്ചതും ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതു നിഷേധിക്കാന്‍ പ്രതി എറിക്‌സണ്‍ കൂട്ടാക്കിയില്ലെങ്കിലും കേരളത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയും മറ്റും ദൃശ്യമാധ്യമങ്ങളെ വെറുതെ വിടാന്‍ ഭാവമില്ല. കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്നത് യഥാര്‍ത്ഥമല്ല എന്നാണ് പ്രതികളുടെ അഭിഭാഷകന്റെ വാദം.

കേസ് അവസാനിപ്പിക്കണമെന്ന അപേക്ഷയുമായുള്ള വിടുതല്‍ ഹര്‍ജിയില്‍ അടുത്ത മാസം ഏഴിന് കോടതി ഉത്തരവ് പുറപ്പെടുവിക്കും. മന്ത്രി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2015 മാര്‍ച്ച് 13 ന് കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എംഎല്‍എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.