ഇനി പി.എം പോഷണ്‍; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരു മാറ്റി കേന്ദ്ര സര്‍ക്കാര്‍

ഇനി പി.എം പോഷണ്‍; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരു മാറ്റി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ നാഷണല്‍ സ്‌കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്‌കൂള്‍സ് എന്നാകും പദ്ധതി അറിയപ്പെടുക. പദ്ധതി അടുത്ത അഞ്ചുവര്‍ഷത്തേക്കു കൂടി നീട്ടാനും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

2026 വരെയാകും പദ്ധതി ദീര്‍ഘിപ്പിക്കുക. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 54,000 കോടി രൂപയും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് പി.എം പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും.

തിഥി ഭോജന്‍ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാര്‍ഥികള്‍ക്ക് വിശേഷപ്പെട്ട ഭക്ഷണം ലഭ്യമാക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് തിഥി ഭോജനിലൂടെ ചെയ്യുന്നത്.

സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസിലെ വിദ്യാര്‍ഥികളെ കൂടാതെ ബാലവാടികളിലെ കുട്ടികളെയും പി.എം പോഷണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.