സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ രണ്ടു ഡോസും എടുത്ത മുപ്പത്തിയഞ്ച് പേര്‍ മരിച്ചതായി കണക്കുകള്‍. കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനത്തിനുശേഷമാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ച ഏഴ് പേരില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ മൂന്ന് പേരുമുണ്ട്.
ഡെല്‍റ്റയുടെ വ്യാപനത്തിനു ശേഷം 316 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ആകെയുണ്ടായത്. അതില്‍ 11 ശതമാനം പേര്‍ മരിക്കാനുള്ള കാരണം പ്രായവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ കണക്കുകള്‍ വളരെ ചെറിയ ശതമാനമാണെന്ന് വെസ്റ്റ്‌മെഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് ഡയറക്ടര്‍ ടോണി കണ്ണിംഗ്ഹാം പറഞ്ഞു.
പരീക്ഷണങ്ങളില്‍, കോവിഡ് വാക്‌സിനുകള്‍ 97 ശതമാനത്തോളം വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിയിട്ടും ചിലര്‍ മരണത്തിനു കീഴടങ്ങുന്നു. മരിക്കാനുള്ള സാധ്യത കൂടുതലും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും പ്രായമായവര്‍ക്കും ആണെന്ന് പ്രൊഫസര്‍ കണ്ണിംഗ്ഹാം പറഞ്ഞു.
മാര്‍ച്ച് ഒന്നിനും സെപ്റ്റംബര്‍ പതിനൊന്നിനും ഇടയില്‍, ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് ബാധിച്ച 1400 പേര്‍ വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്.
അതേസമയം, കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യവിഭാഗം പ്രസിദ്ധീകരിച്ചിട്ടില്ല.
സെപ്റ്റംബര്‍ 11 വരെയുള്ള കണക്കുപ്രകാരം മരണപ്പെട്ട 21 പേര്‍ വാക്‌സിന്‍ രണ്ടു ഡോസും എടുത്തിരുന്നു. അതില്‍ ഇരുപതു പേര്‍ 70 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. പതിനൊന്നിനു ശേഷം, കുത്തിവയ്പ് എടുത്ത 14 പേരും മരിച്ചു. അതില്‍ ഏഴു പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. മറ്റ് ഏഴ് പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
അര്‍ബുദ രോഗത്തിന് കീമോതെറാപ്പിക്ക് വിധേയരാകുന്നവര്‍, അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് രോഗപ്രതിരോധ ശേഷി കുറയാന്‍ കാരണമാകുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ഫലപ്രദമാകണമെന്നില്ലെന്ന് പ്രൊഫസര്‍ കണ്ണിംഗ്ഹാം പറഞ്ഞു.
രോഗപ്രതിരോധ ശേഷിയില്ലാത്ത 55 ശതമാനം ആളുകള്‍ക്ക് മാത്രമേ കുത്തിവയ്പ്പിന് ശേഷം മതിയായ ആന്റിബോഡി അളവ് ലഭിക്കൂ. കൂടുതല്‍ പ്രതിരോധശേഷി ലഭിക്കാന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വന്നേക്കാം.
മരണമടഞ്ഞ രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 80 വയസിന് മുകളിലുള്ളവര്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 20 മടങ്ങ് കൂടുതലാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുത്തിവയ്പ് എടുക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്‌സിന്‍ രണ്ടു ഡോസും ലഭിച്ച ആളുകള്‍ക്ക് 70 മുതല്‍ 95 ശതമാനം വരെ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭൂരിപക്ഷം രോഗികളും കുത്തിവയ്പ് എടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.