അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 30
ഇന്ന് യുഗോസ്ലേവിയോ എന്നറിയപ്പെടുന്ന ഡല്‍മേഷ്യയില്‍ എ.ഡി 345 ലായിരുന്നു വിശുദ്ധ ജെറോം ജനിച്ചത്. ക്രിസ്തവ സഭയിലെ ഏറ്റവും മഹാത്മാക്കളായ വേദപണ്ഡിതന്മാരില്‍ ഒരാളായിരുന്നു. സ്‌കൂള്‍ വിദ്യാഭാസത്തിനു ശേഷം എട്ടു വര്‍ഷം അദ്ദേഹം റോമില്‍ പഠനം നടത്തി. ഗ്രീക്കും ലത്തീനും നന്നായി പഠിച്ചു. വ്യാകരണ കര്‍ത്താവായ ദൊണാത്തൂസായിരുന്നു അദ്ദേഹത്തിന്റെ ഗുരു.
റോമിലെ പഠന ശേഷം അക്ക്വിലിയിലേക്ക് മടങ്ങി വന്ന ജെറോം അവിടെ ഒരു സന്യാസ സഭ സ്ഥാപിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം ആ സഭ ഛിന്നഭിന്നമായപ്പോള്‍ അദ്ദേഹം കിഴക്കന്‍ നാടുകളിലേക്ക് യാത്ര തിരിച്ചു. അവിടെ വച്ച് മാല്‍ക്കസ് എന്ന് പേരുള്ള ഒരു വന്ദ്യ വയോധികനായ മഹര്‍ഷിയെ കണ്ടുമുട്ടി. ശൂന്യമായ ഒരു നിലവറയില്‍ ചാക്കുതുണികള്‍ ധരിച്ച് വേദഗ്രന്ഥ പഠനത്തില്‍ മുഴുകി ജീവിക്കാന്‍ ജെറോമിന്് പ്രചോദനം നല്‍കിയത് ആ മഹര്‍ഷിയായിരുന്നു.
വൈകാതെ അദ്ദേഹം അന്ത്യോക്യയിലെത്തി. എ.ഡി 377 ല്‍ പൗളിനൂസ് പേട്രിയാര്‍ക്കില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. മെത്രാനുമൊത്തുള്ള തന്റെ കോണ്‍സ്റ്റാന്റിനേപ്പോള്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം വിശുദ്ധ ഗ്രിഗറി നാസിയാന്‍സെന്‍, നിസായിലെ ഗ്രിഗറി എന്നിവരെ പരിചയപ്പെട്ടു. പിന്നീട് പോപ്പ് ഡമാസസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി 391 ല്‍ റോമിലെത്തി. ഇവിടെ വച്ചാണ് അദ്ദേഹം തന്റെ ആത്മ സുഹൃത്തുക്കളായ പൗളാ എന്ന ധനാഢ്യയേയും അവരുടെ മകളായ യൂസ്റ്റോച്ചിയമിനേയും, മാര്‍സെല്ലായേയും കണ്ടുമുട്ടിയത്.
പിന്നീട് പോപ്പിന്റെ നിര്‍ദേശ പ്രകാരം സങ്കീര്‍ത്തന പുസ്തകത്തിന്റേയും പുതിയ നിയമത്തിന്റേയും ലത്തീന്‍ വിവര്‍ത്തനം പരിഷ്‌കരിക്കാന്‍ ആരംഭിച്ചു. അതീവ ശ്രദ്ധയോടും പാണ്ഡിത്യത്തോടും അദ്ദേഹം അത് നിര്‍വ്വഹിച്ചു. അവസാനം ജെറോം വിശുദ്ധ ഗ്രന്ഥം മുഴുവനായി ലത്തീനിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ന് അറിയപ്പെടുന്ന 'The Vulgate' എന്നത് ഈ വിവര്‍ത്തനമാണ്. എന്നാല്‍ പോപ്പ് ഡമാസസിന്റെ മരണശേഷം റോം വിട്ടു പോകാന്‍ ശത്രുക്കള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു.
ഇതേ തുടര്‍ന്ന് പൗളായോടും യുസ്റ്റോച്ചിയമിനോടും ഒപ്പം അദ്ദേഹം ബേത്‌ലഹേമിലേക്ക് പോയി. എ.ഡി 420 ല്‍ മരിക്കുന്നതു വരെ അവിടെ ജീവിച്ചു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ അവിടെ ഒരു ആശ്രമം സ്ഥാപിച്ചിരുന്നു. പൗളായുടെ ചുമതലയില്‍ ഒരു മഠവും ഉണ്ടായിരുന്നു. അവരുടെ മരണശേഷം യുസ്റ്റേച്ചിയം ചുമതല ഏറ്റെടുത്തു.
ബെത്‌ലഹേമില്‍ വരുന്ന നിരവധിയായ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ജെറോം ഒരു സത്രവും സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും, വാദപ്രതിവാദ ശേഷിയും, പ്രബന്ധങ്ങളും, കത്തുകളും പലപ്പോഴും രോഷം ഉയര്‍ത്തുന്നവയായിരുന്നു. ''മനുഷ്യന്റെ ആത്മാവിനെ ശിരസിലാണ് പ്ലേറ്റോ ദര്‍ശിച്ചത്, ക്രിസ്തുവോ ഹൃദയത്തിലും'' എന്നത് വിശുദ്ധന്റെ പ്രസിദ്ധമായ വാക്യമാണ്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഉദ്ദീപകനായ ഗ്രിഗറി
2. വെല്‍ഷിലെ ലൗറൂസ്
3. വെല്‍ഷിലെ എങ്കനെഡ്ല്‍
4. കാന്റര്‍ ബറിയിലെ ഹൊണാരിയൂസ്
5. രോബന്‍ പടയാളിയായിരുന്ന അന്റോണിനൂസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.