സ്‌കൂള്‍ തുറക്കല്‍: ഹാജരും യൂണിഫോമും നിര്‍ബന്ധമില്ല; ആദ്യ ദിവസങ്ങളില്‍ ഹാപ്പിനെസ് ക്ലാസ്; അന്തിമ മാര്‍ഗരേഖ അഞ്ചിന്

സ്‌കൂള്‍ തുറക്കല്‍: ഹാജരും യൂണിഫോമും നിര്‍ബന്ധമില്ല; ആദ്യ ദിവസങ്ങളില്‍ ഹാപ്പിനെസ് ക്ലാസ്; അന്തിമ മാര്‍ഗരേഖ അഞ്ചിന്


തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല. തുടക്കത്തില്‍ നേരിട്ട് പഠന ക്ലാസുകളുണ്ടാകില്ല. പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ബ്രിഡ്ജ് ക്ലാസ് നടത്തും. സ്‌കൂള്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും.

ആദ്യ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകളെടുക്കും. ഹാപ്പിനെസ്സ് ക്ലാസുകളിലൂടെ ഓണ്‍ലൈന്‍ പഠനകാലത്തെ സമ്മര്‍ദ്ദം ലഘൂകരിക്കുകയാണ് ലക്ഷ്യമിടുന്നത്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും. പ്രധാനഅധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം കളക്ടര്‍മാര്‍ വിളിച്ചു ചേര്‍ക്കും.

വിദ്യാഭ്യാസ ഗുണനിലവാര പദ്ധതിയുടെ ഭാഗമായി അധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എല്ലാ അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ സ്വീകരിക്കണമെന്നും ഇതിന്റെ ചുമതല അധ്യാപക, അനധ്യാപക സംഘടനകള്‍ ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചു. വിശദമായ മാര്‍ഗരേഖ ഒക്ടോബര്‍ അഞ്ചിന് പുറത്തിറക്കും.

ഇന്ന് വൈകുന്നേരം നാലിന് യുവജന സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ വിദ്യാര്‍ഥി സംഘടനാ യോഗവും ഉച്ചയ്ക്ക് സ്‌കൂള്‍ തൊഴിലാളി സംഘടനാ യോഗവും നടക്കും. ശനിയാഴ്ച്ച വൈകിട്ട് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ചേരും. ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.