ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിൽ തുടർച്ചയായി ഗതാഗതം സ്തംഭിക്കുന്നതിൽ പ്രതികരിച്ച് സുപ്രീം കോടതി. രാജ്യതലസ്ഥാനത്തെയും സമീപസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേകളിൽ കർഷക സമരത്തെ തുടർന്ന് റോഡുകൾ എക്കാലവും അടച്ചിടാനാകില്ലെന്ന് കോടതി പറഞ്ഞു.
കർഷകസമരം യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നോയിഡയിലെ താമസക്കാരിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ എസ്.കെ. കൗൾ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കർഷക സമരം കോടതിവഴിയോ പ്രതിഷേധത്തിലൂടെയോ പാർലമെന്റിലെ ചർച്ചകളിലൂടെയോ പരിഹാരം കണ്ടെത്താമെന്ന് കോടതി പറഞ്ഞു. എന്നാൽ എങ്ങനെയാണ് ഹൈവേകളിൽ ഗതാഗതം തടസപ്പെടുത്താനാവുകയെന്നും ഇത് അനന്തമായി തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് എവിടെ അവസാനിക്കുമെന്നും കോടതി ആരാഞ്ഞു.
സർക്കാർ എന്താണ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ചെയ്തതെന്ന് ബെഞ്ചിലെ അംഗം ജസ്റ്റിസ് എം.എം. സുന്ദ്രേഷ് ചോദിച്ചു. നാം ഒരു നിയമം കൊണ്ടുവന്നു. ഇനി അത് നടപ്പിലാക്കണ്ടത് എങ്ങനെ എന്നുള്ളത് നിങ്ങളുടെ കാര്യമാണ്. അത് നടപ്പാക്കാൻ കോടതിക്ക് ഒരുവഴിയുമില്ല. എക്സിക്യൂട്ടീവിന്റെ ചുമതലയാണ് അത് നടപ്പാക്കുക എന്നുള്ളത് എന്നും ജസ്റ്റിസ് കൗൾ കൂട്ടിച്ചേർത്തു.
എന്നാൽ വിഷയത്തിൽ കോടതി എന്തെങ്കിലും നിർദേശം പുറപ്പെടുവിച്ചാൽ, എക്സിക്യൂട്ടീവിന്റെ അധികാരപരിധിയിൽ ജുഡീഷ്യറി കടന്നുകയറിയെന്ന ആരോപണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കർഷകരുമായി ചർച്ച നടത്താൻ മൂന്നംഗ ഉന്നത തല സമിതിക്ക് രൂപം നൽകിയതായി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. സമിതിയുമായുള്ള ചർച്ചയ്ക്ക് കർഷകരെ ക്ഷണിച്ചുവെന്നും എന്നാൽ വരാൻ അവർ കൂട്ടാക്കിയില്ലെന്നും മെഹ്ത കൂട്ടിച്ചേർത്തു.
എന്നാൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്നും നിയമങ്ങൾ പിൻവലിക്കാതെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും കർഷക സംഘടനകൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.