ലാ പാല്‍മ: സ്പാനിഷ് ദ്വീപായ ലാ പാല്‍മയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ ലാവ പ്രവാഹം അറ്റ്‌ലാന്റിക് സമുദ്രത്തിലെത്തി. കറുത്ത പുകയുടെ അകമ്പടിയോടെയുള്ള ചുവന്ന ലാവ സമുദ്രത്തില്‍ പതിച്ചതിനെതുടര്‍ന്ന് വിഷവാതകങ്ങള്‍ പുറപ്പെടുവിക്കുമോ എന്ന ആശങ്ക പ്രദേശത്തു നിലനില്‍ക്കുന്നുണ്ട്.
ലാവ, പര്‍വതത്തിലൂടെ ഒഴുകാന്‍ തുടങ്ങി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് കടലില്‍ പതിച്ചത്. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 19നായിരുന്നു അമ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഗ്‌നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചത്. ലാ പാമയിലെ തനത് കൃഷിയായ വാഴകൃഷിയെയും അഗ്‌നിപര്‍വ്വത സ്ഫോടനം കാര്യമായി ബാധിച്ചു. സമുദ്രജലവുമായി സമ്പര്‍ക്കം വന്നതോടെ പ്ലായ ന്യൂവ പ്രദേശത്ത് നിന്ന് വെളുത്ത നീരാവി ഉയരുകയും വലിയ മേഘങ്ങളായി രൂപപ്പെടുകയും ചെയ്തു. വിഷവാതകങ്ങള്‍ നീരാവിയായി ഉയരുന്നത് സ്‌ഫോടനത്തിന് കാരണമാകുമെന്ന ആശങ്കയുമുണ്ട്. വാതകങ്ങള്‍ ശ്വസിച്ചാല്‍ അതു ചര്‍മ്മത്തെയും കണ്ണുകളെയും ശ്വസനത്തെയും ഗുരുതരമായി ബാധിക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്.
ലാവ കടലിലെത്തുന്നത് വരെയുള്ള അറുന്നൂറോളം വീടുകളും 21 കിലോമീറ്റര്‍ റോഡും നശിച്ചു. യൂറോപ്യന്‍ യൂണിയന്റെ സാറ്റ്ലൈറ്റ് മോണിറ്ററിംഗ് ഏജന്‍സി പറയുന്നത് ലാവ 637 ഏക്കര്‍ വിഴുങ്ങിയെന്നാണ്. അതില്‍ തന്നെ കൂടുതലും കൃഷിഭൂമിയാണ്.
മൊറോക്കോയ്ക്ക് 100 കിലോമീറ്റര്‍ അകലെയായാണു ദ്വീപ് സ്ഥിതി ചെയ്യുന്നത്. സ്പെയിനിന്റെ അധീനതയിലുള്ള കാനറി ദ്വീപുകളിലൊന്നാണ് ലാ പാല്‍മ. 85000 പേര്‍ ഇവിടെ വസിക്കുന്നുണ്ട്. ദ്വീപിന്റെ തെക്കന്‍ ഭാഗത്തുള്ള കുംബ്രെ വീജ എന്ന അഗ്‌നിപര്‍വതമാണു പൊട്ടിത്തെറിച്ചത്. ഒരാഴ്ചയായി അഗ്‌നിപര്‍വതത്തിനുള്ളില്‍ ലാവ ഉരുണ്ടുകൂടുന്നുണ്ടായിരുന്നെന്നും ശക്തമായ അഗ്‌നിപര്‍വതസ്ഫോടനത്തിന്റെ ലക്ഷണങ്ങള്‍ ഇതു കാട്ടിയിരുന്നെന്നും ഇവിടെ പഠനം നടത്തിയ വോള്‍ക്കാനോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ഇതു മൂലം ചെറിയ രീതിയില്‍ ഭൂചലനങ്ങളുമുണ്ടായിരുന്നു.
സമയബന്ധിതമായി ആയിരത്തിലധികം ആളുകളെ ഒഴിപ്പിച്ചത് കൊണ്ട് ഇതുവരെയും ആളപായങ്ങളൊന്നും ഉണ്ടായിട്ടില്ല. ആര്‍ക്കും ഗുരുതര പരുക്കുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.