മെല്‍ബണ്‍: വിക്ടോറിയ സര്‍ക്കാര്‍ കോവിഡ് ബാധിതര്‍ക്കായി നടപ്പാക്കിയ ഹോട്ടല്‍ ക്വാറന്റീന്‍ സംവിധാനത്തില്‍ ഗുരുതര പാളിച്ചകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന് വന്‍ തുക പിഴ. സംസ്ഥാനത്തിന്റെ ആരോഗ്യ-സുരക്ഷാ റെഗുലേറ്ററായ വര്‍ക്ക് സേഫ് വിക്ടോറിയ ആണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് 95 മില്യണ്‍ ഡോളറിലധികം പിഴ ചുമത്തിയത്.
വിക്ടോറിയ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടപ്പാക്കുന്ന ക്വാറന്റീന്‍ സംവിധാനത്തില്‍ ആരോഗ്യ, സുരക്ഷാ നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നു വര്‍ക്ക് സേഫ് കണ്ടെത്തി. 58 നിയമലംഘനങ്ങളാണ് ആരോഗ്യ വകുപ്പിനെതിരേ ചുമത്തിയിരിക്കുന്നത്.
2020 മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് ഓപ്പറേഷന്‍ സോട്ടീരിയ എന്ന പേരില്‍ സംസ്ഥാനത്ത് ഹോട്ടല്‍ ക്വാറന്റീന്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. കോവിഡ് വ്യാപനം തടയാന്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കുന്നതില്‍ വകുപ്പ് പരാജയപ്പെട്ടതായി വര്‍ക്ക് സേഫ് വിക്ടോറിയ ആരോപിക്കുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചതിനാല്‍ ജീവനക്കാരും സുരക്ഷാ ജീവനക്കാരും രോഗബാധിതരായി. ഇത് രണ്ടാം തരംഗത്തിന്റെ രൂക്ഷത വര്‍ധിക്കാന്‍ കാരണമായി. രണ്ടാം തരംഗത്തില്‍ 18,000 ത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചു. 800 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 112 ദിവസമാണ് ലോക്ക്ഡൗണ്‍ നീണ്ടുനിന്നത്. ഹോട്ടല്‍ ക്വാറന്റീന്‍ പദ്ധതി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
ഹോട്ടലുകളില്‍ രോഗവ്യാപനം തടയുന്നതിനുള്ള വിദഗ്ധരെ നിയമിച്ചിട്ടില്ലെന്നും പി.പി.ഇ അടക്കമുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് ജീവനക്കാര്‍ക്ക് പരിശീലനമോ നിര്‍ദേശങ്ങളോ നല്‍കിയിട്ടില്ലെന്നും വര്‍ക്ക് സേഫ് കണ്ടെത്തി. ജീവനക്കാര്‍ക്കു സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം നല്‍കുന്നതില്‍ ആരോഗ്യ വകുപ്പ് പരാജയപ്പെട്ടതായി വര്‍ക്ക് സേഫ് കുറ്റപ്പെടുത്തി.
പതിനഞ്ചു മാസത്തെ അന്വേഷണത്തിനൊടുവിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
ഓരോ നിയമലംഘനത്തിനും പരമാവധി 1.64 മില്യണ്‍ ഡോളറാണ് പിഴ ചുമത്തിയത്. എല്ലാ നിയമലംഘനങ്ങള്‍ക്കും കൂടി 95 മില്യണ്‍ ഡോളറിലധികം പിഴ വരും.
പരിശീലനം ലഭിക്കാത്ത ജീവനക്കാരെക്കുറിച്ചും അണുബാധ നിയന്ത്രണത്തിലെ പാളിച്ചകളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ വിഷയത്തില്‍ വിക്ടോറിയന്‍ സര്‍ക്കാര്‍ വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.