കാന്‍ബറ: ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷന്‍ നിരക്ക് 80 ശതമാനം എത്തിയ സംസ്ഥാനങ്ങളുടെ രാജ്യാന്തര അതിര്‍ത്തികള്‍ അടുത്ത മാസം തുറക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിദേശത്തു നിന്നെത്തുന്ന കോവിഡ് രണ്ടു ഡോസും സ്വീകരിച്ച ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും വീട്ടില്‍ ഒരാഴ്ച ക്വാറന്റീന്‍ അനുവദിക്കുന്ന വിധം കോവിഡ് മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു.
ന്യൂ സൗത്ത് വെയില്‍സ്, സൗത്ത് ഓസ്ട്രേലിയ ഉള്‍പ്പെടെ ഉയര്‍ന്ന വാക്‌സിഷേന്‍ നിരക്കുള്ള സംസ്ഥാനങ്ങളിലാണ് രാജ്യാന്തര യാത്രക്കാരെ പ്രവേശിക്കാന്‍ അനുവദിക്കുക. ഹോട്ടലില്‍ വന്‍തുക ചെലവഴിച്ച് ക്വാറന്റീനില്‍ കഴിയുന്നതിനു പകരം വീട്ടിലിരുന്നാല്‍ മതിയെന്ന പ്രഖ്യാപനം ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തുന്ന നിരവധി പേര്‍ക്ക് ആശ്വാസമാകും.
ന്യൂസിലന്‍ഡ് അടക്കമുള്ള സുരക്ഷിതമായ രാജ്യങ്ങള്‍ക്കിടയില്‍ ക്വാറന്റീന്‍ രഹിത യാത്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് അവരുടെ ജീവിതം തിരികെ നല്‍കാന്‍ സമയമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം അംഗീകരിച്ച വാക്‌സിന്‍ രണ്ടു ഡോസും എടുത്ത വിദേശ യാത്രക്കാര്‍ക്കായിരിക്കും ഹോം ക്വാറന്റീന്‍ അനുവദിക്കുക. 12 വയസില്‍ താഴെയുള്ളവര്‍ക്കും ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്കും ഇളവുണ്ടാകും.
ഫൈസര്‍, ആസ്ട്രാസെനക്ക, മൊഡേണ, ജാന്‍സെന്‍ വാക്‌സിന്‍ എന്നിവയാണ് ഓസ്ട്രേലിയയില്‍ അംഗീകരിച്ചിട്ടുള്ള വാക്‌സിനുകള്‍.
ചൈനീസ് നിര്‍മിത സിനോവാക് വാക്‌സിനും ഇന്ത്യന്‍ വാക്‌സിനായ കോവിഷീല്‍ഡും അംഗീകൃത വാക്‌സിനുകളായി പരിഗണിക്കും. ഓസ്ട്രേലിയയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന തടസം ഇതോടെ നീങ്ങും.
അതേസമയം, വാക്‌സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ രണ്ടാഴ്ച ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.
യാത്രയുടെ ഭാഗമായുള്ള കോവിഡ് പരിശോധനാ നടപടികള്‍ തുടരും. റാപിഡ് ആന്റിജന്‍ പരിശോധന നടത്തുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
നവംബര്‍ 14 മുതല്‍ ഓസ്‌ട്രേലിയയില്‍നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് ക്വാണ്ടസ് എയര്‍ലൈന്‍സും അറിയിച്ചു. ഓസ്ട്രേലിയയില്‍നിന്ന് യുകെ, അമേരിക്ക, സിംഗപ്പൂര്‍ ഉള്‍പ്പെടെ ആറു റൂട്ടുകളിലേക്കുള്ള സര്‍വീസുകളാണ് ആരംഭിക്കുന്നത്.
സിഡ്‌നി-ലണ്ടന്‍ റൂട്ടില്‍ മൂന്ന് പ്രതിവാര റിട്ടേണ്‍ ഫ്‌ളൈറ്റുകളും സിഡ്‌നി-ലോസ് ഏഞ്ചല്‍സ് റൂട്ടില്‍ മൂന്ന് പ്രതിവാര റിട്ടേണ്‍ ഫ്‌ളൈറ്റുകളുമാണ് സര്‍വീസ് നടത്തുക. ഇത് ആവശ്യമെങ്കില്‍ വര്‍ധിപ്പിക്കും.
അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നതിനുള്ള കൃത്യമായ തീയതി ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍, വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള തീയതി മുന്നോട്ടോ പിന്നോട്ടോ നീങ്ങാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍ 18 മുതല്‍ ആരംഭിക്കാനിരുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരംതന്നെ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.