മാപുട്ടോ:മൊസാംബിക്കിലെ മാപുട്ടോ മുന്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ അലെസാന്ത്രെ മരിയ ദൊസ് സാന്തോസിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. 'സുവിശേഷത്തിന്റെയും സഭയുടെയും നിരന്തര സേവകന്‍' ആണ് സ്വര്‍ഗത്തിലേക്കു യാത്രയായിരിക്കുന്നതെന്ന് ആര്‍ച്ച്ബിഷപ്പ് ഫ്രാന്‍സിസ്‌കൊ ചിമോയിയോയിക്ക് അക്കയച്ച അനുശോചന സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു.
ആഭ്യന്തര കലാപം രൂക്ഷമായിരുന്നപ്പോള്‍ മൊസാംബിക്ക് ജനതയുടെ ഐക്യത്തിനായി ധീരതയോടെ യത്‌നിച്ച കര്‍ദ്ദിനാള്‍ അലെസാന്ത്രെ മരിയ ദൊസ് സാന്തൊസ് വിടവാങ്ങിയത് 97 ാം വയസ്സിലാണ്, മൊസാംബിക്കന്‍ തലസ്ഥാന നഗരിയില്‍. ആദ്യത്തെ മൊസാംബിക്കന്‍ പുരോഹിതനും ആദ്യത്തെ തദ്ദേശീയ ബിഷപ്പും മൊസാംബിക്കിലെ ആദ്യത്തെ കര്‍ദിനാളും ആയിരുന്നു അദ്ദേഹം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 1988 സെപ്റ്റംബറില്‍ നടത്തിയ മൊസാംബിക്ക് സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിച്ചും ലോക ശ്രദ്ധ നേടിയിരുന്നു.
1975 മുതല്‍ 2003 വരെ മാപുട്ടോയുടെ ആര്‍ച്ച്ബിഷപ്പായിരിക്കവേ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിനാകെ മികച്ച സംഭാവനയര്‍പ്പിച്ചു കര്‍ദിനാള്‍ അലെസാന്ത്രെ മരിയ ദൊസ് സാന്തോസ്.കര്‍ദിനാളിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് മാപുട്ടോ സിറ്റി ആസ്ഥാനമായി സാവോ ടോമസ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായത്. ആഭ്യന്തരയുദ്ധ വേളയില്‍ രാജ്യത്തെ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിന്റെ പേരിലും അദ്ദേഹം രാജ്യാന്തര അംഗീകാരം നേടി.
ഇന്‍ഹാംബെയ്ന്‍ രൂപതയിലെ സാവാലയില്‍ 1924 മാര്‍ച്ച് 18 -നു ജനിച്ച അലെസാന്ത്രെ മരിയ ദൊസ് സാന്തോസ് മധ്യ മൊസാംബിക്കിലെ അമാടോംഗസിലുള്ള ഫ്രാന്‍സിസ്‌കന്‍ മൈനര്‍ സെമിനാരിയില്‍ തത്ത്വചിന്താ പഠനത്തിനു ശേഷം മലാവിയിലാണ് വൈദിക പഠനം തുടര്‍ന്നത്. അക്കാലത്ത് മൊസാംബിക്കില്‍ മേജര്‍ സെമിനാരി ഇല്ലായിരുന്നു. 1948 ല്‍ അദ്ദേഹം പോര്‍ട്ടുഗലിലെ ലിസ്ബണില്‍ ദൈവശാസ്ത്രം പഠിച്ചു. 1953 ജൂണ്‍ 25 -ന് വൈദിക പട്ടം സ്വീകരിച്ചു. 1954 -ല്‍ മൊസാംബിക്കിലേക്ക് മടങ്ങി, ഇന്‍ഹാംബെയ്ന്‍ മേഖലയിലെ ഫ്രാന്‍സിസ്‌കന്‍ ദൗത്യങ്ങളില്‍ ഇടയ ശുശ്രൂഷ നടത്തി. 1972 -ല്‍ മൊസാംബിക്കില ഫ്രാന്‍സിസ്‌കന്‍ പ്രവിശ്യാ കൗണ്‍സിലറും ചിമോയോയിലെ പുതിയ മൈനര്‍ സെമിനാരി റെക്ടറുമായി.
മൊസാംബിക്ക് പോര്‍ച്ചുഗലില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, 1974 ഡിസംബര്‍ 23 -ന് അലെസാന്ത്രെ മരിയ ദൊസ് സാന്തോസ് മാപുട്ടോയുടെ ആര്‍ച്ച്ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 1975 മാര്‍ച്ച് 9 ന് അഭിഷിക്തനായി.ആഭ്യന്തര യുദ്ധവും പ്രകൃതി ദുരന്തങ്ങളും മൂലം നരകിച്ചുവന്ന ജനത്തെ സേവിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു വര്‍ഷങ്ങളോളം.കാരിത്താസ് മൊസാംബിക്കിന്റെ ആദ്യ പ്രസിഡന്റായിരിക്കവേ പാവപ്പെട്ടവരെയും അഭയാര്‍ത്ഥികളെയും വരള്‍ച്ചയുടെ ഇരകളെയും സഹായിക്കുന്നതിനു നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ചു.
അംഗോള, കാബോ വെര്‍ഡെ, ഗിനി ബിസ്സൗ, സാവോ ടോം, പ്രിന്‍സിപ്പ് എന്നീ മുന്‍ പോര്‍ച്ചുഗീസ് കോളനികളിലെ സഭാ സമൂഹങ്ങള്‍ക്കിടയില്‍ പുതിയ ബന്ധം വളര്‍ത്തുന്നതിനും മാപുട്ടോയുടെ ആര്‍ച്ച്ബിഷപ്പ് പ്രതിജ്ഞാബദ്ധനായിരുന്നു.1988 ജൂണ്‍ 28 നാണ്് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ടത്. ആഫ്രിക്കയുടെ മാതാവായ നമ്മുടെ നാഥയുടെ ഫ്രാന്‍സിസ്‌കന്‍ സഹോദരികളുടെ സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമാണദ്ദേഹം. കര്‍ദ്ദിനാള്‍ അലെസാന്ത്രെ ജൊസെ മരിയ ദൊസ് സാന്തൊസിന്റെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍മാരുടെ അംഗസംഖ്യ 216 ആയി കുറഞ്ഞു. ഇവരില്‍ 121 പേരാണ് 80 വയസിന് താഴെയുള്ളവര്‍; മാര്‍പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിലെ അംഗങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.