" വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല പീഠത്തിന്മേലാണ് വയ്ക്കുക അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു". "ഞാൻ ലോകത്തിന്റെ പ്രകാശമാണ്" എന്ന് അരുളുകയും മനുഷ്യരെ നോക്കി "നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്" എന്ന് പ്രഖ്യാപിക്കുകയും ചെയ്ത ക്രിസ്തുദേവനെ വചനമാണ് മേലുദ്ധരിച്ചത്.
അടിമത്തത്തിന് അന്ധകാരവേലക്കണ്ണികളിൾ വരിഞ്ഞുമുറുക്കിയ ആധുനിക ഇന്ത്യയുടെ ഹൃദയത്തിന് മുകളിൽ ഈശ്വരൻ കൊളുത്തി പ്രതിഷ്ഠിച്ച ഒരു വിളക്കാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി, എന്ന നമ്മുടെ മഹാത്മാഗാന്ധി! ഒക്ടോബർ രണ്ടിന് വീണ്ടും നമ്മൾ ഒരു ഗാന്ധിജയന്തി കൂടി ആചരിക്കുമ്പോൾ ഭാരതീയ പൗരന്റെ ജീവിത ദർശനത്തിന്റെ പടികളിൽ ഗാന്ധിജി കൊളുത്തിയ എണ്ണ വറ്റാത്ത വിളക്കുകളുടെ പ്രകാശധാരയിൽ സ്വയം കഴുകാൻ നമുക്ക് കടമയുണ്ട്.
ലോക മനസാക്ഷിക്ക് മുൻപിൽ ഗാന്ധിജി പ്രതിഷ്ഠിച്ച ഏറ്റവും ശ്രേഷ്ഠമായ മൂല്യദീപഗോപുരം 'അഹിംസ' തന്നെയാണ്. "നിന്റെ എതിരാളിയെ സ്നേഹം കൊണ്ട് കീഴടക്കുക" എന്ന ഗാന്ധിസുകൃതം അഹിംസയുടെ താക്കോലാണ്. 'ഹിംസ' എന്നാൽ ജീവഹാനിയാണെങ്കിൽ അഹിംസയെന്നാൽ കൊല്ലാതിരിക്കാൻ മാത്രമല്ല, മനസ്സിലോ, ശരീരത്തിൽ ഒരു പോറൽപോലുംമേൽക്കാതെ അപരന്റെ കാവലാളാവുക എന്നാണർത്ഥം. അതിനാലാണ് 'ക്രോധം അഹിംസയുടെ ശത്രുവാണ്' എന്ന് ഗാന്ധിജി പറഞ്ഞത്. എന്റെ സമ്മതമില്ലാതെ ആർക്കും എന്നെ വേദനിപ്പിക്കാനാവില്ല എന്ന് അദ്ദേഹം പറഞ്ഞതും ഇതേ അർത്ഥത്തിലാണ്.
'സ്വാതന്ത്ര്യം' എന്ന് മൂല്യമാണ് ഗാന്ധിജി ഇന്ത്യയുടെ നെഞ്ചിൽ കൊളുത്തിയ മറ്റൊരു വിശുദ്ധ വിളക്ക്. " സ്വാതന്ത്ര്യം നമ്മുടെ ജീവശ്വാസമാണ്. അത് അമൂല്യമാണ്. അത് തെറ്റ് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല, ശരി തിരിച്ചറിഞ്ഞ് അതിൽ ഉറച്ചു നിൽക്കാനുള്ള സ്വാതന്ത്ര്യമാണ്" എന്ന് ഗാന്ധിജി സ്വാതന്ത്ര്യത്തെ വ്യാഖ്യാനിച്ചു.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുൻപേ ഗാന്ധിജി സ്വതന്ത്രനായിരുന്നു. സ്വതന്ത്രനായ ഒരു വ്യക്തിക്ക് ആരെയും സ്വാതന്ത്ര്യത്തിലേക്ക് നയിക്കാൻ കഴിയൂ. 'സത്യം നിങ്ങളെ സ്വതന്ത്രമാക്കും' എന്ന ക്രിസ്തുവചനം ഗാന്ധിജിയെ ഏറെ സ്വാധീനിച്ചിരുന്നു അതിനാൽ ഗാന്ധിജി സ്വാതന്ത്ര്യത്തിന് വിളക്കായി, സത്യം എന്ന മൂല്യത്തിന് തിളക്കമായി.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അക്ഷരത്തെറ്റില്ലാത്ത സത്യദർശനം അദ്ദേഹം സ്വന്തമാക്കി. ബാല്യത്തിന്റെ കൗശലങ്ങളിൽപ്പെട്ട് നടത്തിയ ഒരു മോഷണ കഥയുടെയും പരിസമാപ്തി അദ്ദേഹം സത്യം തുറന്നു പറഞ്ഞതോടെയായിരുന്നു.
"ധർമ്മോ രക്ഷതി രക്ഷിത:" എന്ന വേദ സുകൃതം ഗാന്ധിജിയെ ഏറെ സ്വാധീനിച്ചിരുന്നു ധർമ്മത്തെ ആര് രക്ഷിക്കുന്നുവോ അവനെ ധർമ്മം രക്ഷിക്കും. ധർമ്മം സത്യംതന്നെ എന്നും തിരിച്ചറിഞ്ഞ ഗാന്ധിജി സത്യത്തെ രക്ഷിച്ചു. സത്യം അദ്ദേഹത്തിന്റെ തിളക്കമാവുകയും ചെയ്തു. ദൈവം എന്ന അനുഭവമാണ് ഗാന്ധിജി കൊളുത്തിയ ഏറ്റവും തിളക്കമുള്ള വിളക്ക്. അഞ്ച് സഹസ്രാബ്ദത്തിന്റെ ഈശ്വരചൈതന്യമുറങ്ങുന്ന ഭാരത പൈതൃകത്തെ യഥാർത്ഥത്തിലുള്ള മതബോധന ത്തിന്റെ പ്രായോഗികത കൊണ്ട് ഗാന്ധിജി ജാജ്വല്യമാനമാക്കി. ഗാന്ധി ജയന്തി ആഘോഷങ്ങൾ ഗാന്ധിസത്തിൽ പുനർവായനയിലേക്ക് നമ്മെ നയിക്കട്ടെ.
അഹിംസ - ഇരയുടെ
ഒടുക്കത്തെ പ്രാർത്ഥന!
ഇന്ത്യയുടെ മുകളിലത്തെ മുറിയിൽ, സ്വദേശാഭിമാനിത്തിന്റെ നവനീതം സൂക്ഷിച്ചുവച്ച ഉറിയിൽ മുറിവേൽപിച്ചു രസിക്കുന്ന അയൽക്കാർ മുഴക്കുന്ന അപായമണിയൊച്ചകൾക്കിടയിൽ ലോക അഹിംസാദിന സന്ദേശവുമായി ഗാന്ധി ജയന്തി വരവായി. ഒക്ടോബർ രണ്ട് - ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം - ലോകം ദിനമായി ആചരിക്കുമ്പോൾ മുറിവുണക്കാനുള്ള അറിവുകൾ നമ്മൾ പരസ്പരം പങ്കുവയ്ക്കേണ്ടതുണ്ട്.
ശത്രുക്കളെ സ്നേഹിക്കുക, ശത്രുവിനോട് ക്ഷമിക്കുക എന്ന രണ്ടായിരം വർഷം പഴക്കമുള്ള ക്രിസ്തുമൊഴികളുടെ വർത്തമാനകാല വിവർത്തനമെന്നപോലെയാണ് ഗാന്ധിജി അഹിംസ എന്ന പദം ഉപയോഗിച്ചതും വ്യാഖ്യാനിച്ചതും. " അഹിംസ ദുർബലന്റെയല്ല ശക്തന്റെ ആയുധമാണ്" എന്ന് ഗാന്ധിജി പറഞ്ഞപ്പോൾ, "അഹിംസയുടെ കേന്ദ്രബിന്ദു, സ്നേഹമെന്ന പ്രമാണമാണ്" എന്നാണ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ വ്യാഖ്യാനിച്ചത്. " എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. എന്റെ ദൈവം സത്യമാണ്. അഹിംസ ദൈവത്തെ വെളിപ്പെടുത്തുന്ന മാർഗമാണ്" എന്നു പറഞ്ഞ ഗാന്ധിജി സാർവത്രിക മൈത്രിയിലൂടെ പ്രത്യക്ഷപ്പെടുന്ന സ്നേഹം എന്ന ദൈവത്തിന്റെ പ്രവാചകനായി മാറുകയാണ്.
നെഞ്ചിൽ ചവിട്ടിയ സായിപ്പിനോട് "കാല് വേദനിച്ചോ" എന്ന് ചോദിച്ചപ്പോഴും, ഉടുതുണിക്ക് മറുതുണിയില്ലാതെ നിന്ന് ഒരു ഭാരതപുത്രിയെ തന്റെ ഉടുപ്പൂരി പുതപ്പിച്ചപ്പോഴും ബ്രിട്ടീഷുകാരന്റെ വെടിയുണ്ടകളെ സത്യാഗ്രഹം എന്ന കർമ്മം കൊണ്ട് പൊതിഞ്ഞപ്പോഴും ഗാന്ധിജി അഹിംസയുടെ വേദപുസ്തകമാവുകയായിരുന്നു. ആയുധം കയ്യിലുള്ള അവന്റെ അക്രമത്വരയും, അധികാരമുള്ളവന്റെ മേലാളധാർഷ്ട്യവും അഹിംസ എന്ന വിശ്വസാഹോദര്യമൂല്യംകൊണ്ട് നിർവീര്യമാക്കിയ അപാരധീരതയാണ് ഗാന്ധിജി.
ഇന്ന് ഗാന്ധിജയന്തി ആരാണ് ഘോഷിക്കുന്നത്? ആക്രമിക്കുന്നവന്നോ, മുറിവേറ്റവനോ? ഗാന്ധിജിക്ക് മുമ്പും പിമ്പും പ്രപഞ്ചത്തിലെ രണ്ടു വിഭാഗങ്ങളുണ്ട്. വേട്ടക്കാരനും ഇരയും. വേട്ട എന്നത് ഹിംസയാണ്. അതു വേട്ടക്കാരന്റെ വിനോദമാണ്. അതിനാൽ അഹിംസ ഒരിക്കലും വേട്ടക്കാരൻ ഫിലോസഫിയല്ല. അത് ഇരയുടെ നെടുവീർപ്പാണ്. ശത്രുതയുടെയും സ്വാർത്ഥതയുടെയും ക്രൗരത്തിന്റെയും മൊത്തവ്യാപാരികളുടെ കുത്തേറ്റു വീഴുന്ന ഓരോ ഇരയുടെയും ഒടുക്കത്തെ പ്രാർത്ഥനയാണ്, അഹിംസ! അഹിംസ എന്ന പ്രാർത്ഥന നേരിട്ട് ഏറ്റുമുട്ടുന്നത് വേട്ടക്കാരന്റെ മുനമൂർച്ചകളോടാണ്. ഇന്നോളം മൃഗീയതയുടെ കൊടും വാളുകൊണ്ട് ആഞ്ഞുവെട്ടിയിട്ടും സ്വയം മുറിവുണക്കി സദാ ഉയർത്തെഴുന്നേൽക്കുന്ന മാനവികതയുടെ നിത്യഭാഷ്യമാണ് അഹിംസ.
ആയുധമുള്ളവനാണ് വേട്ടക്കാരൻ ആയുധം അധികാരമാകാം. പണവും സ്വാധീനവുമാകാം. മതമാകാം. രാഷ്ട്രീയമാകാം. വംശീയ, ദേശീയ, പ്രാദേശിക വികാരമാകാം. ഭാഷയാക്കാം. മണ്ണാകാം. വെള്ളമാകാം. ആയുധമുള്ളവൻ അപരനെ നിരായുധനാക്കി നിരന്തരം വേട്ടയാടുകയാണ് എന്നിൽ നിന്നും വ്യത്യസ്തമായ സംസ്കാരങ്ങളെ ചിന്താധാരകളെ ഞാൻ അംഗീകരിക്കുമ്പോളാണ് ഞാൻ ഒരു സമൂഹസൃഷ്ടിയിൽ പങ്കുചേരുന്നത്. ഗാന്ധിജി ഇത്തരത്തിലൊരു നവസമൂഹ സൃഷ്ടാവാണ്. എന്നാൽ നെയ് നുണഞ്ഞു കൊഴുക്കുന്ന ഇന്നിന്റെ ലോകം ആയുധങ്ങൾ സംഭരിക്കുകയാണ്. അവരെ വേട്ടയാടുന്ന നായാട്ടുകാരന്റെ നിഘണ്ടുവിൽ അഹിംസ എന്ന പദമെഴുതിയ തൂലികയുടെ പേരാണ് ഗാന്ധിജി. ശത്രുവിനെ വാതിൽ തുറന്ന് ഹൃദയത്തിലേക്ക് വിളിക്കുന്ന സ്വാഗതഗാനമാകുകയാണ് അഹിംസ. ഗാന്ധിജയന്തിയുടെ ഓർമ്മകൾ നവഭാരത പൗരത്വത്തിന്റെ നിർമാതാക്കളായ നാമോരോരുത്തരിലും ദൂതദയ എന്ന സഹജീവിസ്നേഹമെഴുകി നമ്മുടെ ചേതനയെ അഖണ്ഡമാനവചേതനയാക്കി മാറ്റട്ടെ. മഹാത്മാഗാന്ധി കീ.... ജയ്!
ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്ത ഭാഗമാണിത്. പത്തുവർഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റർനാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രപഞ്ച മാനസത്തിൻ ലഭിച്ചിട്ടുണ്ട്.
ഫാ. റോയി കണ്ണൻചിറ സിഎംഐയുടെ കൂടുതൽ രചനകൾ വായിക്കുന്നതിന് https://cnewslive.com/author/15946/1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.