ലഹരി പാര്‍ട്ടി: ഷാരൂഖ് ഖാന്റെ മകനൊപ്പം ബോളിവുഡ് താരം അര്‍ബ്ബാസ് സേനത്തും; വിവരങ്ങള്‍ പുറത്തുവിട്ട് എന്‍സിബി

ലഹരി പാര്‍ട്ടി: ഷാരൂഖ് ഖാന്റെ മകനൊപ്പം ബോളിവുഡ് താരം അര്‍ബ്ബാസ് സേനത്തും; വിവരങ്ങള്‍ പുറത്തുവിട്ട് എന്‍സിബി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനോടൊപ്പം ഏഴ് പേരെയും എന്‍സിബി കസ്റ്റഡിയിലെടുത്തു. രാജ്യത്തും വിദേശത്തുമുള്ള നിരവധി പ്രമുഖര്‍ ഫാഷന്‍ ടിവി സംഘടിപ്പിച്ച ഈ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് വിവരം. എന്‍സിബി മുംബൈ ഡയറക്ടര്‍ സമീര്‍ വാഖഡെ ആണ് ഇക്കാര്യം അറിയിച്ചത്.

പിടിയിലായവരില്‍ ബോളിവുഡ് താരം അര്‍ബ്ബാസ് സേനത്ത് മര്‍ച്ചന്റുമുണ്ട്. മുന്‍മുന്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവര്‍. ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ലഹരി പാര്‍ട്ടിയിലുള്‍പ്പെട്ടവരെ പിടികൂടിയത്.

കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും ഇനിയും കൂടുതല്‍ റെയ്ഡ് നടത്താന്‍ സാധ്യതയുണ്ടെന്നും എന്‍സിബി മേധാവി അറിയിച്ചു. മുംബൈ തീരത്ത് കോര്‍ഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടന്നത്. സംഗീത പരിപാടി എന്ന പേരിലാണ് ഇവിടെ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്.

രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡെലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരി പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് യാത്രക്കാരുടെ വേഷത്തില്‍ ഉദ്യോഗസ്ഥര്‍ കപ്പലില്‍ പ്രവേശിച്ചു.

ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെ സംഘടിപ്പിച്ച പരിപാടി കപ്പല്‍ മുംബൈ തീരം വിട്ടപ്പോള്‍ തന്നെ ആരംഭിച്ചു. ലഹരി പാര്‍ട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. നിക്ഷ്പക്ഷമായ രീതിയില്‍ നടപടി സ്വീകരിക്കുമെന്നും ബോളിവുഡ് താരങ്ങളോ വിദേശികളോ ഉള്‍പ്പെട്ടാലും വിട്ടുവീഴ്ച ചെയ്യില്ലെന്നും സമീര്‍ വാഖഡെ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.