തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം പൊലീസ് ആസ്ഥാനത്ത് നടന്നു. പൊലീസ് സേനയ്‌ക്കെതിരേ വിവിധ ആക്ഷേപങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ഹണി ട്രാപ്പില്‍ കുടുങ്ങുന്നതടക്കം മുഖ്യമന്ത്രി പരാമര്‍ശിച്ചു. പോലീസുകാര്‍ ഇത്തരം കേസുകളില്‍ കുടുങ്ങുന്നത് നാണക്കേടാണ്. സേനയ്ക്ക് മൊത്തത്തില്‍ നാണക്കേടാണ് ഇതെല്ലാമെന്നും അതിനാല്‍ അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അഴിമതിക്കാരായ പൊലീസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കും. സേനയില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ചുരുക്കം ചിലര്‍ ചെയ്യുന്ന അഴിമതി ആണെങ്കിലും നാണക്കേട് മൊത്തം സേനക്കാണ്. അതുകൊണ്ടു തന്നെ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താനും നടപടി സ്വീകരിക്കാനും പ്രത്യേക സംവിധാനം വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തിരിച്ചറിയാനും നിരീക്ഷിക്കാനും കഴിയണം. മേലുദ്യോഗസ്ഥര്‍ ഇക്കാര്യം കൃത്യമായി നിരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.
പൊതുജനങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വിഭാഗമായതിനാല്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. പൊലീസുകാര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കുന്ന പരിപാടികളില്‍ ജാഗ്രത പുലര്‍ത്തണം. അനാവശ്യ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ഒപ്പം കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ചില പൊലീസുകാരുടെ പങ്കും പുറത്തുവരുന്നുണ്ടെങ്കിലും അക്കാര്യങ്ങള്‍ അദ്ദേഹം നേരിട്ട് പരാമര്‍ശിച്ചില്ല.
സ്ത്രീ പീഡനം സംബന്ധിച്ച് ലഭിക്കുന്ന പരാതികളില്‍ ഒരു വീഴ്ചയും പാടില്ല. കേസ് അന്വേഷണത്തില്‍ കാലതാമസമുണ്ടായെന്ന പരാതിയുണ്ടാകരുത്. ഇരയെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നടപടിയാകണം പൊലീസിന്റേതെന്നും ഇത്തരം പരാതികളിലെ അന്വേഷണ പുരോഗതി ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വിലയിരുത്തണം. പൊലീസിന്റെ ഭാഷയും പെരുമാറ്റവും അങ്ങേയറ്റം മാന്യതയോടെയും സഹായ മനസ്‌കതയോടെയും ആയിരിക്കണം. പൊലീസ് സ്റ്റേഷനില്‍ വരുന്നവര്‍ക്ക് ഏറെ സമയം വെറുതെ കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. വ്യക്തിപരമായി മാനസിക സമ്മര്‍ദ്ദം ഉണ്ടായാല്‍ അത് പൊതുജനങ്ങളോടുള്ള ഇടപെടലില്‍ പ്രതിഫലിക്കരുതെന്നും നിര്‍ദേശത്തില്‍ പറഞ്ഞു.
പൊലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നു. സേനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് ഇതിന് പിന്നില്‍. അക്കാര്യത്തിലും ജാഗ്രതവേണം. കസ്റ്റഡി മരണം പോലുള്ള കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ല. സര്‍ക്കാര്‍ അത്തരം കാര്യങ്ങള്‍ വളരെ ഗൗരവമായാണ് കാണുന്നത്. പൊലീസ് സ്റ്റേഷനിലെത്തുന്നവരോട് പെരുമാറുന്ന രീതിയാണ് മൊത്തം സേനയുടെ പ്രതിച്ഛായയെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.