സ്വീഡന്‍: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഡേവിഡ് ജൂലിയസിനും ആഡം പാറ്റ്‌പോഷിയാനുമാണ് പുരസ്‌കാരം. ഊഷ്മാവും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികളെ (റിസപ്റ്ററുകള്‍) പറ്റിയുള്ള പഠനത്തിനാണ് പുരസ്‌കാരം.
ചൂടും, തണുപ്പും, സ്പര്‍ശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മള്‍ മനസിലാക്കുന്നത്. എങ്ങനെയാണ് ശരീര ഊഷ്മാവും സ്പര്‍ശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര സമിതി അറിയിച്ചു.
ചൂടും തണുപ്പും സ്പര്‍ശനവും തിരിച്ചറിയാനുള്ള നമ്മുടെ കഴിവ് അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. അത് നമ്മുടെ ചുറ്റുമുള്ള ലോകവുമായുള്ള ഇടപെടലിനെ സ്വാധീനിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ഈ സംവേദനങ്ങള്‍ നിസാരമായി കാണുന്നു. ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ജേതാക്കള്‍ ഈ പ്രശ്‌നം പരിഹരിച്ചുവെന്ന് നൊബേല്‍ അസംബ്ലി വ്യക്തമാക്കി.
2021 ലെ വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ട രണ്ടു പേരും അമേരിക്കന്‍ ഗവേഷകരാണ്. ന്യൂയോര്‍ക്കില്‍ 1955 ല്‍ ജനിച്ച ജൂലിയസ്, ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി നേടിയത്. നിലവില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറാണ്. 1967 ല്‍ ലബനണിലെ ബെയ്‌റൂട്ടില്‍ ജനിച്ച പാറ്റ്‌പോഷിയാന്‍, യു.എസില്‍ പസദേനയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് പി.എച്ച്.ഡി നേടിയത്. നിലവില്‍ കാലിഫോര്‍ണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്പ്‌സ് റിസര്‍ച്ചില്‍ പ്രൊഫസറാണ്.
സ്വര്‍ണ്ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് (1.14 മില്യണ്‍ ഡോളറില്‍ കൂടുതല്‍) ബഹുമതി. സമ്മാനത്തിന്റെ സ്രഷ്ടാവായ 1895 -ല്‍ അന്തരിച്ച സ്വീഡിഷ് കണ്ടുപിടുത്തക്കാരനായ ആല്‍ഫ്രഡ് നൊബേല്‍ ഉപേക്ഷിച്ച ഒരു സമ്മാനത്തില്‍ നിന്നാണ് സമ്മാനത്തുക ലഭിക്കുന്നത്.
ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍ നല്‍കുക. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.