ബിജെപിയില്‍ അഴിച്ചുപണി: അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി; കെ.സുരേന്ദ്രന്‍ തുടരും, നടന്‍ കൃഷ്ണകുമാര്‍ ദേശീയ കൗണ്‍സിലില്‍

 ബിജെപിയില്‍ അഴിച്ചുപണി:  അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി; കെ.സുരേന്ദ്രന്‍ തുടരും, നടന്‍ കൃഷ്ണകുമാര്‍ ദേശീയ കൗണ്‍സിലില്‍

തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ നിലനിര്‍ത്തി സംസ്ഥാന ബിജെപിയില്‍ പുനസംഘടന. അഞ്ചു ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ ജില്ലാ അധ്യക്ഷന്മാരെയാണ് മാറ്റിയത്. വക്താവായ ബി. ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല.

സി.ശിവന്‍കുട്ടി, പി.രഘുനാഥ് എന്നിവരെയും സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി. എ.എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തുടരും. എംടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ്. എം.ഗണേഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും.

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഇതാദ്യമായാണ് ബിജെപിയില്‍ പുനസംഘടന നടക്കുന്നത്. പത്ത് വൈസ് പ്രസിഡന്റുമാരും ആറ് ജനറല്‍ സെക്രട്ടറിമാരും പത്ത് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ പലരേയും സംസ്ഥാന സെക്രട്ടറിമാരായും വൈസ് പ്രസിഡന്റുമാരായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രഷറര്‍ ആയിരുന്ന ജെ.ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയിലെത്തിയ പന്തളം പ്രതാപനെയും സംസ്ഥാന സെക്രട്ടറിയാക്കിയിട്ടുണ്ട്. ട്രഷററായി ഇ.കൃഷ്ണദാസിനെയും നിയമിച്ചു. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലിലും ഉള്‍പ്പെടുത്തി.

പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വി.എ സൂരജ്, കോട്ടയം - ജി.ലിജിന്‍ ലാല്‍, പാലക്കാട് - കെ.എം ഹരിദാസ്, വയനാട് - കെ.പി മധു, കാസര്‍കോട് - രവീശതന്ത്രി കുണ്ടാര്‍ എന്നിവരെയും നിയമിച്ചു. പാര്‍ട്ടി വക്താക്കളായി കെ.വി എസ് ഹരിദാസ്, നാരായണന്‍ നമ്പൂതിരി, അഡ്വ. ടി.പി സിന്ധുമോള്‍, സന്ദീപ് വാര്യര്‍, സന്ദീപ് വചസ്പതി എന്നിവരെയും നിയമിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.