അതിര്‍ത്തി തുറക്കല്‍; പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമായേക്കും

അതിര്‍ത്തി തുറക്കല്‍; പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍  മാസ്‌ക് വീണ്ടും നിര്‍ബന്ധമായേക്കും

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ വാക്‌സിന്‍ നിരക്ക് ഉയര്‍ന്ന സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ തുറക്കുന്നതിനോടനുബന്ധിച്ച്, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ മാസ്‌ക്കും സാമൂഹിക അകലവും അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കിയേക്കും. ടൂറിസം ഉള്‍പ്പെടെ വിവിധ മേഖലകള്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാനാണു തീരുമാനം. കോവിഡ് വ്യാപനം തുടരുന്നതിനാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍നിന്നും ടെറിട്ടറികളില്‍നിന്നുമുള്ളവര്‍ക്കു മാത്രമേ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ പ്രവേശനമുള്ളൂ.

അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ എങ്ങനെയായിരിക്കണം സംസ്ഥാനത്തെ ജനജീവിതം എന്നതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളും ആലോചനകളും നടത്തേണ്ടതുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്ക് പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കുന്നതു പരിഗണനയിലാണ്.

പബ്ബുകള്‍, റസ്റ്റോറന്റുകള്‍, പൊതു വേദികള്‍ എന്നിവിടങ്ങളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് മന്ത്രി സൂചന നല്‍കി. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍ക്കായിരിക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ബാധകാവുക.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ സംസ്ഥാനത്ത് വാക്‌സിനേഷന്‍ നിരക്ക് അധികം വൈകാതെ 80 മുതല്‍ 90 ശതമാനം വരെയെത്തിക്കുകയാണ് ലക്ഷ്യം. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് കൈവരിക്കുകയാണ് ലക്ഷ്യം.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ മുതിര്‍ന്ന ജനസംഖ്യയുടെ 49.8 ശതമാനം പേര്‍ക്കും രണ്ട് ഡോസ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചിട്ടുണ്ട്്. 66.6 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു.

ദേശീയതലത്തില്‍ 16 വയസിനു മുകളിലുള്ള 56.9 ശതമാനം ആളുകള്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡില്‍ നിന്ന് പെര്‍ത്തിലേക്കു വന്ന വിര്‍ജിന്‍ ഓസ്ട്രേലിയ വിമാനത്തിലെ 150-ലധികം യാത്രക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വിക്ടോറിയയില്‍ നിന്ന് സൗത്ത് ഓസ്ട്രേലിയയില്‍ എത്തിയ ഒരു സ്ത്രീക്ക് അഡ്ലെയ്ഡ് വിമാനത്താവളത്തില്‍ വച്ച് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഈ മുന്‍കരുതല്‍.

157 യാത്രക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ പരിശോധിച്ച 18 പേരും നെഗറ്റീവായതിനാല്‍ അപകടസാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ യാത്രക്കാര്‍ ക്വാറന്റീനില്‍ തുടരും.

ഫ്രീമാന്റില്‍ തുറമുഖത്തു നങ്കൂരമിട്ട സ്റ്റോള്‍ട്ട് സകുര എന്ന കെമിക്കല്‍ ടാങ്കര്‍ കപ്പലിലെ 22 ജീവനക്കാരില്‍ 12 പേര്‍ക്കു കോവിഡ് ബാധിച്ചിട്ടുണ്ട്. അതില്‍ ആറുപേരെ ഫിയോണ സ്റ്റാന്‍ലി ആശുപത്രിയിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.