രാഹുല്‍ യുപിയിലേക്ക്; പ്രിയങ്കയെ വിട്ടയച്ചില്ലെങ്കില്‍ പഞ്ചാബില്‍ നിന്ന് യുപിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിദ്ദു

രാഹുല്‍ യുപിയിലേക്ക്; പ്രിയങ്കയെ വിട്ടയച്ചില്ലെങ്കില്‍ പഞ്ചാബില്‍ നിന്ന് യുപിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിദ്ദു

ന്യൂഡല്‍ഹി: കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ഖേരി സന്ദര്‍ശിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി. രാഹുലിന്റെ നേതൃത്വത്തിലുള്ള അംഞ്ചഗ സംഘം ഇന്ന് യുപിയിലേക്ക് തിരിക്കും. ലഖിംപൂര്‍ സന്ദര്‍ശിക്കാനെത്തുന്ന വിവിധ നേതാക്കളെ യുപി സര്‍ക്കാര്‍ തടഞ്ഞുവെക്കുന്നതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം. യാത്രയ്ക്കുള്ള അനുമതിക്കായി എഐസിസി പ്രവര്‍ത്തക സമിതി അംഗം കെ.സി വേണുഗോപാല്‍ യു പി സര്‍ക്കാരിന് കത്തയച്ചു.

പ്രിയങ്കയെ വിട്ടയച്ചില്ലെങ്കില്‍ പഞ്ചാബില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മുന്‍ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു മുന്നറിയിപ്പ് നല്‍കി. കര്‍ഷകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുകയും പ്രിയങ്കയെ വിട്ടയയ്ക്കുകയും ചെയ്തില്ലെങ്കില്‍ നാളെ പഞ്ചാബില്‍ നിന്നും യുപിയിലേക്ക് മാര്‍ച്ച് നടത്തും. ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം ലഖിംപൂര്‍ഖേരി സംഭവത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ പ്രിയങ്ക ഗാന്ധിയെ അഭിഭാഷകരെ കാണാന്‍ പോലും അനുവദിച്ചിട്ടില്ലെന്നാണ് ആരോപണം. കസ്റ്റഡിയിലെടുത്തിട്ട് 38 മണിക്കൂര്‍ കഴിഞ്ഞിട്ടും തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് തയ്യാറായിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. തനിക്ക് ഉത്തരവുകളോ കേസ് സംബന്ധിച്ച രേഖകളോ ലഭിച്ചിട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

പതിനൊന്ന് ആളുകളുടെ പേരിനോടൊപ്പം എന്റെ പേരുമുള്ള ഒരു കടലാസിന്റെ ഭാഗം സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഞാന്‍ കണ്ടത്. പതിനൊന്നു പേരില്‍ എട്ടു പേര്‍ എന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ നാലിന് വൈകിട്ട് എനിക്ക് വസ്ത്രം കൊണ്ടു വന്നു തന്ന രണ്ട് ആളുകളുടെ പേരും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് പ്രിയങ്ക വ്യക്തമാക്കി.

തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയോ അഭിഭാഷകനെ കാണാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ഖേരിയിലേക്ക് പോകവെ തിങ്കളാഴ്ചയാണ് പ്രിയങ്കാ ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.