ആര്യനെതിരേ തെളിവായത് ഫോണിലെ വീഡിയോ ചാറ്റ്; ഇതുവരെ അറസ്റ്റിലായത് 16 പേര്‍

ആര്യനെതിരേ തെളിവായത് ഫോണിലെ വീഡിയോ ചാറ്റ്; ഇതുവരെ അറസ്റ്റിലായത് 16 പേര്‍

മുംബൈ: ആര്യന്‍ഖാന്റെ ലെന്‍സ് കേസില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ എന്‍.സി.ബി. കോടതിയില്‍ മലക്കം മറിഞ്ഞു. ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തില്ലെന്നും മൊബൈല്‍ ഫോണില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ സ്ഥിരീകരിക്കാനാണ് രണ്ടു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടതെന്നുമാണ് എന്‍.സി.ബി കോടതിയില്‍ വ്യക്തമാക്കിയത്.

ആര്യന്‍ ഖാന്റെ ഫോണില്‍ നിന്ന് ലഭിച്ച വീഡിയോ സന്ദേശങ്ങളില്‍ ശ്രേയസ് നായരുമായുള്ള വിശദമായ വീഡിയോ ചാറ്റുകളുണ്ട്. ഡാര്‍ക്ക് വെബ് വഴി മയക്കു മരുന്ന് ലഭിക്കുന്ന കാര്യങ്ങളും മുംബൈ നഗരത്തിലെ ഏജന്റുമാരെ സംബന്ധിച്ച വിവരങ്ങളും വീഡിയോ ചാറ്റില്‍ പറയുന്നുണ്ട്. 2020 ജൂലായ് മുതലുള്ള വാട്സാപ്പ് ചാറ്റുകളാണ് ആദ്യഘട്ടത്തില്‍ എന്‍.സി.ബി. പരിശോധിച്ചത്. ശ്രേയസ് നായരിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണ്.

പലവട്ടം വലിയ അളവില്‍ ശ്രേയസ് നായര്‍ ലഹരി വസ്തുക്കള്‍ എത്തിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ഇടപാടുകള്‍ നടത്തിയത് ക്രിപ്റ്റോ കറന്‍സി വഴിയായിരുന്നു. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ ഡാര്‍ക്ക് വെബ് ഉപയോഗപ്പെടുത്തിയെന്നും എന്‍.സി.ബി വൃത്തങ്ങള്‍ പറയുന്നു.

ഡാര്‍ക്ക് വെബ്ബിലെ മയക്കുമരുന്ന് സംഘങ്ങളെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ വാട്‌സാപ്പ് സന്ദേശത്തിലുണ്ട്. ആര്യന്റെ സുഹൃത്തുക്കളെ കൂടാതെ മറ്റ് അഞ്ച് പ്രതികളില്‍ നിന്ന് കൊക്കെയ്നും എം.ഡി.എം.എയും പിടിച്ചെടുത്തിരുന്നു. അതേസമയം ഇവരുമായി ആര്യന് ബന്ധമില്ലെന്നും പ്രത്യേക ക്ഷണിതാവായാണ് ആര്യന്‍ കപ്പലിലെത്തിയതെന്നും ആര്യന്റെ അഭിഭാഷകന്‍ സതീഷ് മാനെ ഷിന്ദെ പറഞ്ഞു.

ആര്യന്റെ സുഹൃത്തുക്കളായ അര്‍ബാസ് സേത് മര്‍ച്ചന്റില്‍ നിന്ന് ആറു ഗ്രാം ചരസും മുണ്‍മുണ്‍ ധമേച്ചയില്‍ നിന്ന് അഞ്ചു ഗ്രാം ചരസുമാണ് പിടികൂടിയതെന്ന് എന്‍.സി.ബി കോടതിയില്‍ പറഞ്ഞു. അതേസമയം ആര്യന്റെ ഫോണില്‍ നിന്നു ലഭിച്ച തെളിവുകള്‍ അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.