കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 10)

കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 10)

അധമമായ സംസർഗം സദാചാരങ്ങളെ ദുഷിപ്പിക്കും. 1 കോറിന്തോസ് 15: 33

പ്രശസ്ത ഇറ്റാലിയൻ ചിത്രകാരനായ ലിയോനാർദോ ഡാവിഞ്ചിയുടെ ഉത്തമ സൃഷ്ടിയാണ് 'അന്ത്യഅത്താഴം'. ഈ ചിത്രരചനയ്ക്കുപിന്നിൽ  ഒരു സംഭവമുണ്ട്. അദ്ദേഹം യേശുവിന്റെ ചിത്രം വരയ്ക്കാൻ പറ്റിയ ഒരു മോഡലിനെ അന്വേഷിച്ച് പലയിടത്തും ചുറ്റിത്തിരിഞ്ഞു. അവസാനം മിലാൻ കത്തീഡ്രലിലെ ഗായക സംഘത്തിലുള്ള പിയത്രോയെ കണ്ടുമുട്ടി. പിയത്രോയുടെ ചൈതന്യം നിറഞ്ഞ മുഖവും, ഐശ്വര്യം തുളുമ്പുന്ന കണ്ണുകളും, ആകർഷണീയമായ പുഞ്ചിരിയും പിയത്രോയെ യേശുവിന്റെ മാതൃകയാക്കാൻ ഡാവിഞ്ചിക്ക് പ്രേരണനൽകി. പിയത്രോയെ തന്റെ ചിത്രശാലയിൽ വരുത്തി അദ്ദേഹം ഈശോയുടെ ചിത്രം പൂർത്തീകരിച്ചു. തുടർന്ന് ഓരോ ശിഷ്യന്മാർക്കുവേണ്ടിയും മുഖങ്ങൾ അന്വേഷിച്ചു ഓരോരുത്തരെയായി പൂർത്തിയാക്കി. അവസാനം യൂദാസിന്റെ അവസരം വന്നു. യുദാസിന് പറ്റിയ മുഖമന്വേഷിച്ച് അദ്ദേഹം നടന്നു.

അപ്പോഴേയ്ക്കും അഞ്ചുവർഷങ്ങൾ കഴിഞ്ഞിരുന്നു. അവസാനം വെനീസിലെ ഒരു തടവറയിൽ അദ്ദേഹം യൂദാസിന് പറ്റിയ ഒരു മുഖം കണ്ടെത്തി. കുടിലത നിറഞ്ഞ മുഖവും, അനാകർഷണീയമായ നോട്ടവും എല്ലാമുള്ള തന്റെ ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് പറ്റിയ ഒരു മുഖം. ഡാവിഞ്ചി തന്റെ ആഗ്രഹം ജയിൽപ്പുള്ളിയെ അറിയിച്ചു. ഇതുകേട്ട ജയിൽപ്പുള്ളി കരയാൻ തുടങ്ങി. അപ്പോൾ ഡാവിഞ്ചി ചോദിച്ചു "എന്തേ കരയുന്നു? ഞാൻ പറഞ്ഞത് ഇഷ്ടമായില്ലേ?" ജയിൽപ്പുള്ളി ഡാവിഞ്ചിയോട് തന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കാൻ ആവശ്യപ്പെട്ടു. ഡാവിഞ്ചിക്ക് ആ മുഖം പരിചയമുള്ളതുപോലെ തോന്നി. ഓർമ്മയിൽനിന്നും അദ്ദേഹം അത് ഓർത്തെടുത്തു വിളിച്ചു "പിയത്രോ നീ!" പിയത്രോ പറഞ്ഞു, "അതെ ഞാൻതന്നെ." തുടർന്ന് അദ്ദേഹം ജയിലിൽ വരാനുണ്ടായ കാരണം വിശദീകരിച്ചു. തന്റെ മദ്യപാനശീലവും, ചീത്ത കൂട്ടുകെട്ടും അവനെ ഒരു മോഷ്ടാവാക്കി. ഒരുനാൾ മോഷ്ടിക്കാനായി കയറിയ വീട്ടുകാർ ഉണർന്നതിനാൽ അവരെ കൊല്ലേണ്ടിവന്നു. അങ്ങനെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ അടക്കപ്പെട്ടതായിരുന്നു. ജയിലധികാരികളുടെ പ്രത്യേക അനുമതിവാങ്ങി ഡാവിഞ്ചി പിയാത്രോയെ മോഡലായി ഇരുത്തിയാണ് യൂദാസിനേയും വരച്ചത്.

ഈ സംഭവം ഒരാളുടെ ജീവിതത്തിൽ ലഹരിയുടെ ഉപയോഗവും, ചീത്ത കൂട്ടുകെട്ടും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ്. മദ്യപാനവും, ചീത്ത കൂട്ടുകെട്ടും ശീലമാക്കിയവർ ഒരുപക്ഷെ ഏറ്റവും അധംപതിച്ച അവസ്ഥയിലേക്കുവരെ വീഴാം. യേശുവിന്റെ പ്രതിഭലനമായിരുന്ന ഒരാൾ യൂദാസിന്റെ പ്രതിഭലനമായിമാറി. ലഹരിയുടെ ഉപയോഗവും മറ്റും ഇന്ന് കുട്ടികൾക്കിടയിൽപ്പോലും കൂടിവരുന്നുണ്ട്. മിക്കവാറും ചീത്തകൂട്ടുകെട്ടാണ് കുട്ടികളെ ഈ ദുശീലങ്ങളിലേയ്ക്ക് നയിക്കുന്നത്. അതുകൊണ്ടു നമ്മൾ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളായിരിക്കണം. യോജിച്ചതല്ല എന്നുകണ്ടാൽ മറ്റൊന്നും നോക്കാതെ മോശപ്പെട്ട സൗഹൃദം ഒഴിവാക്കുക. "വിവേകികളായ സുഹൃത്തുക്കൾ ദൈവത്തിന്റെ പ്രിതിനിധികളാണ്." (യുറിപ്പിഡ്‌സ് )

വിവേകികളോടു സംസർഗം ചെയ്യുന്നവൻ വിവേകിയായിത്തീരുന്നു; ഭോഷരുമായി കൂട്ടുകൂടുന്നവന് ഉപദ്രവം നേരിടും. സുഭാഷിതങ്ങൾ 13 : 20


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.