ലണ്ടന്‍: ഇന്ത്യയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ വീണ്ടും വാര്‍ത്തയാക്കി പ്രമുഖ ബ്രിട്ടീഷ് ദിനപത്രം 'ദി ഗാര്‍ഡിയന്‍'. ഇന്ത്യയില്‍ കിസ്ത്യാനികള്‍ ജീവിക്കുന്നത് ഭയപ്പാടിലാണ്.
മത പരിവര്‍ത്തനത്തിന്റെ പേരുപറഞ്ഞ് ക്രിസ്ത്യാനികള്‍ വേട്ടയാടപ്പെടുകയാണ്. ഭരണ കക്ഷിയായ ബിജെപിയുടെ നേതാക്കളാണ് ഇതിന് പിന്നിലെന്നും പത്രത്തിന്റെ സൗത്ത് ഏഷ്യന്‍ കറസ്‌പോണ്ടന്റ് ഹന്നാഹ് എല്ലിസ് പീറ്റേഴ്‌സണ്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ചത്തീസ്ഗഢിലെ തമേഷ് വാര്‍ സാഹുവിനും കുടുംബത്തിനും എതിരെയുള്ള ആക്രമണം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നൂറുകണക്കിന് ഹിന്ദുത്വ പ്രവര്‍ത്തകര്‍ സാഹുവിന്റെ വീട്ടിലേക്ക് സംഘടിച്ചെത്തുകയും അലമാരയില്‍ നിന്നും ബൈബിള്‍ വലിച്ചെറിയുകയും ചെയ്തു. ഹിന്ദുക്കളെ മതം മാറ്റുന്നുവെന്ന് ആരോപിച്ചാണ് പലയിടത്തും ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത്.
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കുന്നത് ആളുകളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ അജണ്ടയാണെന്ന് ക്രിസ്ത്യന്‍ പ്രതിനിധികളെ ഉദ്ധരിച്ച് പറയുന്ന ലേഖനത്തില്‍ ഉത്തര്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണം നടന്നത് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെപ്പറ്റി ഗര്‍ഡിയന്‍ പത്രം മുന്‍പും വാര്‍ത്ത നല്‍കിയിട്ടുണ്ട്.
1999 ല്‍ ഒഡീഷയില്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാംസ്റ്റെയിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നതും ലേഖനത്തില്‍ പറയുന്നു. ചത്തീസ്ഗഢിലെ മതപരിവര്‍ത്തനം തടയുകയാണ് തങ്ങളുടെ പ്രധാന അജണ്ടയെന്ന് സംസ്ഥാനത്തെ ബജ്‌റംഗ്ദള്‍ നേതാവ് റിഷി മിശ്രയുടെ പ്രതികരണമുണ്ട്.
അതേസമയം ചത്തീസ്ഗഢ് ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മഹേന്ദ്ര ചബ്ദ ബിജെപിക്കെതിരെ രംഗത്തെത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നില്ലെന്നും മറ്റ് പല സംസ്ഥാനങ്ങളിലും മുസ്ലീംകളെ ലക്ഷ്യമിടുന്ന ബി.ജെ.പി ചത്തീസ്ഗഢില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.