ന്യൂയോര്‍ക്ക്: ലോകത്തെ അമ്പരപ്പിച്ച ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ഏഴ് മണിക്കൂറോളം മരവിച്ചുപോയതുമായി ബന്ധപ്പെട്ട് വന്ന ഔദ്യോഗിക വിശദീകരണത്തിനപ്പുറത്തേക്ക് പരക്കുന്നത് നിരവധി അഭ്യൂഹങ്ങള്‍. 'പഠിക്കാനും മെച്ചപ്പെടാനുമുള്ള അവസരമാണ് ഇതുപോലുള്ള ഓരോ പരാജയവു'മെന്ന ഏറ്റുപറച്ചിലുമായുള്ള ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് സന്തോഷ് ജനാര്‍ദ്ദനന്റെ വിശദീകരണം അനുസരിച്ച് ഫേസ്ബുക്കിന് ഉള്ളില്‍ തന്നെ സംഭവിച്ച ഒരു കോണ്‍ഫിഗറേഷന്‍ പാളിച്ചയായിരുന്നു എല്ലാ പ്രശ്‌നങ്ങളും സൃഷ്ടിച്ചത്. പക്ഷേ, ഫേസ്ബുക്കിലെ പ്രൊഡക്ട് മാനേജര്‍ ആയിരുന്ന ഫ്രാന്‍സിസ് ഹൌഗന്‍ മുന്‍കൂട്ടി നടത്തിയിരുന്ന ചില വെളിപ്പെടുത്തലുകള്‍ക്ക് അറം പറ്റിയതുപോലെയായി ഈ സംഭവങ്ങള്‍.
പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ച് ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് തടസം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ അറിയിച്ചു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാന്‍ തങ്ങളുടെ സേവനങ്ങളെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് തനിക്കറിയാമെന്നും അദ്ദേഹം കുറിച്ചു.സെര്‍വറുകളുമായി ബന്ധിപ്പിക്കുന്ന സംവിധാനത്തിന് സംഭവിച്ച തകരാര്‍ ആണ് ഈ അപ്രത്യക്ഷമാവലിന് പിന്നിലെന്ന് പറയുമ്പോഴും ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയുമെല്ലാം സംബന്ധിച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ബ്ലാക്ക് ഔട്ടായിരുന്നു സംഭവിച്ചത്.
ഇതോടെ വന്‍ നഷ്ടമാണ് സുക്കര്‍ബര്‍ഗിന് വന്നുപെട്ടത്, 52000 കോടി രൂപയിലേറെ. കൈയ്യിലുണ്ടായിരുന്ന ഓഹരികള്‍ ആളുകള്‍ ഒന്നൊന്നായി വിറ്റൊഴിഞ്ഞതോടെ സുക്കര്‍ബര്‍ഗിന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഏഴ് ബില്യണ്‍ ഡോളര്‍ നഷ്ടമായി. സെപ്തംബര്‍ മാസത്തിന്റെ പകുതി മുതല്‍ സുക്കര്‍ബര്‍ഗിന് തിരിച്ചടിയാണ്. ഓഹരി വില 15 ശതമാനത്തോളം താഴേക്ക് പോയി. ഇതോടെ, അതിസമ്പന്നരില്‍ ബില്‍ ഗേറ്റ്‌സിന് പുറകില്‍ അഞ്ചാം സ്ഥാനത്തേക്ക് സുക്കര്‍ബര്‍ഗ് വീണു. ആഴ്ചകള്‍ക്കിടയില്‍ അദ്ദേഹത്തിന് നഷ്ടമായത് 20 ബില്യണ്‍ ഡോളറോളമാണ്.
ഫേസ്ബുക്ക് നിശ്ചലമാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മുതല്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കത്തിക്കയറിയിരുന്നു രണ്ട് വര്‍ഷക്കാലം ഫെയ്സ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന ഹൌഗന്റെ വെളിപ്പെടുത്തലുകള്‍. അക്കൗണ്ടുകളുടെ സുരക്ഷയല്ല, വാളുകളില്‍ നിറയുന്ന പരസ്യങ്ങളിലൂടെ വരുന്ന പണം മാത്രമാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്ന്, സുപ്രധാന വിവരങ്ങള്‍ പുറത്തുവിടുന്നവരെ സംരക്ഷിക്കുന്ന ലോകോത്തര സംഘടനയായ വിസില്‍ ബ്ലോവര്‍ എയ്ഡിന്റെ സഹായത്തോടെ അവര്‍ പറഞ്ഞിരുന്നു. കൗമാരക്കാരെ വിപരീതമായി ബാധിക്കുന്നു ഇന്‍സ്റ്റഗ്രാമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളുമായി ഹൌഗന്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രഖ്യാപനങ്ങളും പ്രവൃത്തിയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല എന്നും കാണിച്ച് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷനില്‍ പരാതി നല്‍കിയിട്ടുമുണ്ട് ഹൌഗന്‍.
ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോട് തനിക്ക് സഹതാപമുണ്ടെന്ന് ഹൗഗന്‍ പറഞ്ഞു. 'മാര്‍ക്ക് ഒരിക്കലും വിദ്വേഷകരമായ ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കാന്‍ തയ്യാറായിട്ടില്ല. പക്ഷേ, വിദ്വേഷവും ധ്രുവീകരിക്കപ്പെടുന്നതുമായ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ റീച്ച് ലഭിക്കും. അത്തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ അദ്ദേഹം അനുവദിച്ചിട്ടുണ്ടെന്നും ഫൌഗന്‍ കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തകളും വിദ്വേഷം പ്രചാരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ആളുകളിലേക്ക് തുടര്‍ച്ചയായി എത്തുന്നു. അത് അവരില്‍ വിദ്വേഷം വളര്‍ത്തുന്നുവെന്നും പറഞ്ഞ ഫൌഗന്‍ 2020 ലെ യുഎസ് കാപിറ്റോള്‍ ആക്രമണം പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിനെ കുറിച്ച് ഇത്തരം വെളിപ്പെടുത്തലുകളുമായി ഹൌഗനെത്തിയതിന് പിന്നാലെയാണ് ഏഴ് മണിക്കൂര്‍ ഫേസ്ബുക്ക് അപ്രത്യക്ഷമായത്.സുക്കര്‍ബര്‍ഗ് ആകട്ടെ ഈ ആക്ഷേപങ്ങളത്രയും തള്ളി.
തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒന്‍പതു മണിയോടു കൂടി പ്രവര്‍ത്തനം നിലച്ചു പോയ ഫേസ്ബുക്കും അനുബന്ധ ആപ്പുകളായ വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും ഏഴു മണിക്കൂറിനു ശേഷം രാവിലെ ആറ് മണിയോടുകൂടിയാണ് പുനഃസ്ഥാപിച്ചത്. ലോകത്താകമാനമുള്ള എല്ലാ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് അക്കൗണ്ടുകളേയും ഇത് ബാധിച്ചിരുന്നു. ഫേസ്ബുക്കിന്റെ വൈസ് പ്രസിഡന്റ് സന്തോഷ് ജനാര്‍ദ്ദനന്റെ ബ്‌ളോഗില്‍ വന്ന വിശദീകരണം അനുസരിച്ച് ഫേസ്ബുക്കിനുള്ളില്‍ വിവരങ്ങള്‍ കൈമാറുന്ന റൂട്ടറുകളില്‍ ചില മാറ്റങ്ങള്‍ വരികയും അതിനാല്‍ കമ്പനിക്കുള്ളില്‍ തന്നെയുള്ള കമ്പ്യൂട്ടറുകള്‍ക്ക് പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ സാധിക്കാതെ വരികയും ചെയ്തു.
കമ്പ്യൂട്ടറുകള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ബോര്‍ഡര്‍ ഗേറ്റ്വേ പ്രോട്ടോക്കോള്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്ടുകളുടെ അഡ്രസ് കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഡി എന്‍ എസ് സംവിധാനം പ്രവര്‍ത്തിക്കാതെയായതിനാലാണ് സാമൂഹിക മാദ്ധ്യമങ്ങള്‍ എല്ലാം ഒരേ സമയം നിലച്ചു പോയത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം സാധാരണ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള പിഴവാണ് നടന്നതെന്നും എന്നാല്‍ കോവിഡ് കാരണം ജീവനക്കാര്‍ കുറവായതിനാല്‍ തകരാര്‍ കണ്ടുപിടിക്കാന്‍ താമസമുണ്ടായെന്നും ഇതേ കാരണത്താല്‍ തന്നെ റിപ്പയര്‍ പ്രവര്‍ത്തനവും മന്ദഗതിയിലായെന്നും വിവരമുണ്ട്. വെബ് മോണിറ്ററിംഗ് സ്ഥാപനമായ ഡൗണ്‍ഡെക്ടറിന്റെ അഭിപ്രായത്തില്‍ തങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ തകരാറായിരുന്നു ഇത്. ട്രില്യണ്‍ ഡോളര്‍ കമ്പനിയുടെ പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ഇതോടെ കൂടുതല്‍ ശക്തമാക്കിക്കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.