ന്യൂ സൗത്ത് വെയില്‍സ്: തന്റെ ക്രൈസ്തവ വിശ്വാസത്തെ പറ്റി അഭിമാനമുണ്ടെന്നും പ്രീമിയര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അത് വിഘാതമാണെന്ന് തോന്നുന്നില്ലെന്നും ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ പുതിയ പ്രീമിയറായി തിരഞ്ഞെടുക്കപ്പെട്ട ഡൊമിനിക് പെറോറ്റെറ്റ്.
മുന്‍ പ്രീമിയര്‍ ആയിരുന്ന ഗ്ലാഡിസ് ബെര്‍ജിക്ലിയാന്‍ രാജിവെച്ച ഒഴിവിലാണ് ചൊവ്വാഴ്ച അദ്ദേഹം പ്രീമിയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഓസ്‌ട്രേലിയയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതാവിനെയാണ് പ്രീമിയര്‍ എന്ന് വിളിക്കുന്നത്. ക്രൈസ്തവ വിശ്വാസവും ധാര്‍മ്മിക മൂല്യങ്ങളും മുറുകെ പിടിക്കുന്നതില്‍ വിട്ടുവിഴ്ചയില്ലാത്ത നേതാവാണ് ലിബറല്‍ പാര്‍ട്ടി അംഗമായ ഡൊമിനിക് പെറോറ്റെറ്റ്.
പതിമൂന്നു മക്കളുള്ള യാഥാസ്ഥിതിക കത്തോലിക്ക കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ന്യൂ സൗത്ത് വെയില്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയറാണ് 39 വയസുകാരനും ആറു കുട്ടികളുടെ പിതാവുമായ ഡൊമിനിക് പെറോറ്റെറ്റ്. തന്റെ ആഴമേറിയ ക്രൈസ്തവ വിശ്വാസം നിരവധി തവണ പരസ്യമായി ഏറ്റുപറഞ്ഞ അദ്ദേഹം ഗര്‍ഭഛിദ്രം അടക്കമുള്ള ധാര്‍മ്മിക മൂല്യച്യുതികളെ ശക്തമായി എതിര്‍ത്തിരുന്നു.
2019 ല്‍ സ്വവര്‍ഗ ലൈംഗികതയെ എതിര്‍ക്കുന്ന ബൈബിള്‍ വചനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ റഗ്ബി താരം ഇസ്രയേല്‍ ഫോലുവിനെ ഓസ്ട്രേലിയന്‍ ടീമില്‍നിന്ന് പുറത്താക്കിയപ്പോള്‍ അദ്ദേഹത്തിന് പരസ്യ പിന്തുണയുമായി പെരോറ്റെറ്റ് രംഗത്തെത്തിയിരുന്നു.
ദൈവ വിശ്വാസികളുടെ വിശ്വാസം മറച്ചു വെക്കാന്‍ തയാറായില്ലെങ്കില്‍ അവരെ പൊതു ജീവിതത്തില്‍ നിന്ന് തച്ചുടയ്ക്കുന്ന പ്രവണത ശക്തി പ്രാപിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2011 മുതല്‍ സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗമാണ് പെറോറ്റെറ്റ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.