അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 07
വിശുദ്ധ പീയൂസ് അഞ്ചാമന്‍ മാര്‍പാപ്പായാണ് എ.ഡി 1573 ല്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ സ്ഥാപിച്ചത്. 1570 ല്‍ ലെപാന്റോയില്‍ തുര്‍ക്കികളുമായുള്ള യുദ്ധത്തില്‍ കത്തോലിക്കാ സൈന്യത്തിന് വിജയം സമ്മാനിച്ചതിന്റെ ആദര സൂചകമായാണ് ഈ തിരുനാള്‍ സ്ഥാപിച്ചത്.
മാര്‍പാപ്പായുടെ പ്രത്യേക ആഹ്വാനത്തില്‍ യൂറോപ്പിലെ രാജാക്കന്മാര്‍ തുര്‍ക്കികളോട് യുദ്ധത്തിനിറങ്ങിയപ്പോള്‍ മാര്‍പാപ്പാ റോമിലെ ജനതകളെ എല്ലാവരെയും വിളിച്ച് ഒരു ജപമാല റാലി നടത്താന്‍ ആഹ്വാനം ചെയ്തു. ലെപ്പാന്റോ യുദ്ധത്തില്‍ തങ്ങളെക്കാള്‍ ആള്‍ബലത്തില്‍ വളരെ ഏറെയുണ്ടായിരുന്ന തുര്‍ക്കികള്‍ക്കെതിരെ ക്രിസ്ത്യന്‍ രാജാക്കന്‍മാര്‍ വിജയിച്ചു.
ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥനയുടെ ഫലമായി നേടിയ ഈ വിജയത്തിന്റെ സ്മരണ നിലനിര്‍ത്തിയത് 1571 ഒക്ടോബര്‍ ഏഴിന് 'ദൈവമാതാവ് ക്രിസ്ത്യാനികളുടെ സഹായം' എന്ന സ്തുതി, പ്രാര്‍ത്ഥനാ ക്രമത്തില്‍ ഉള്‍പ്പെടുത്തി കൊണ്ടാണ്. 1716 ല്‍ ബെല്‍ഗ്രേഡില്‍ വച്ച് തുര്‍ക്കികള്‍ പരാജയപ്പെട്ടത് അഡ്‌നിവ്സിലെ പരിശുദ്ധ രാജ്ഞിയുടെ നാമഹേതു തിരുന്നാള്‍ ദിവസം തന്നെയാണെന്നുള്ളത് ശ്രദ്ധേയമാണ്.
'പരിശുദ്ധ ജപമാലയുടെ രാജ്ഞീ... ഞങ്ങള്‍ക്ക് വേണ്ടീ പ്രാര്‍ത്ഥിക്കണമേ' എന്ന പ്രശസ്തമായ പ്രാര്‍ത്ഥന, പ്രാര്‍ത്ഥനാക്രമത്തില്‍ കൂട്ടിചേര്‍ത്തത് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയാണ്. അന്ന് മുതല്‍ ഇന്നുവരെ ലോകം മുഴുവനുമുള്ള കത്തോലിക്കര്‍ ഈ പ്രാര്‍ത്ഥന ജപിച്ചു വരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ജപമാല വഴി ലഭിച്ച അളവറ്റ അനുഗ്രഹങ്ങള്‍ക്കും നന്മകള്‍ക്കും പകരമായി പരിശുദ്ധ അമ്മയോട് കാണിക്കുന്ന നന്ദി പ്രകാശന ആഘോഷമാണ് യഥാര്‍ത്ഥത്തില്‍ ഈ തിരുന്നാള്‍.
എല്ലാവരും ജപമാലയോട് ഭക്തിയുളളവരായിരിക്കണമെന്ന് ആധുനിക കാലഘട്ടത്തിലെ മാര്‍പാപ്പാമാര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഴമായ അര്‍ത്ഥ തലങ്ങള്‍ ഉള്ള പ്രാര്‍ത്ഥനയാണ് പരിശുദ്ധ ജപമാല. ജപമാലയുടെ പ്രചാരണം വഴി സഭയുടെ മേല്‍ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ ധാരയായി ചൊരിയപ്പെടുന്നു.
സകലര്‍ക്കും മോക്ഷം നല്‍കുവാന്‍ കഴിവുള്ളവനായ ക്രിസ്തുവും രക്ഷാകര പദ്ധതിയില്‍ സഹായിയായ പരിശുദ്ധ ദൈവ മാതാവിനോടുള്ള സ്‌നേഹവും ഐക്യവും വഴി ബൈബിളില്‍ നിന്നും പ്രചോദിതമായിട്ടുള്ള പ്രാര്‍ത്ഥനയാണ് ജപമാല.
ആദ്യ കാലഘട്ടത്തില്‍ 150 സങ്കീര്‍ത്തനങ്ങളെ അനുകരിച്ച് 150 നന്മ നിറഞ്ഞ മറിയമേ എന്ന ജപം ചൊല്ലുന്ന പതിവുണ്ടായിരുന്നു. തുടര്‍ന്ന് പരിശുദ്ധ മറിയമേ ജപത്തോടൊപ്പം യേശുവിന്റെ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങള്‍ ധ്യാനിക്കുന്ന പതിവ് നിലവില്‍ വന്നു. ഐതിഹ്യമനുസരിച്ച് ആല്‍ബിജന്‍സിയന്‍ പാഷണ്ഡതയില്‍ നിന്ന് സഭയെ രക്ഷിക്കാന്‍ പരിഹാര മാര്‍ഗമായി വിശുദ്ധ ഡോമിനിക്കിന് മാതാവ് പറഞ്ഞു കൊടുത്തത് ജപമാലയാണ്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സിറിയായിലെ ജൂലിയാ
12. ഫ്രാന്‍സിലെ അഗുസ്തുസ്
3. ബെക്ക്‌നോക്കിലെ കാനോഗ്
4. സ്‌പെയിനിലെ അഡാല്‍ജിസ്
5. ഐറിഷ് പുരോഹിതനായിരുന്ന ഹെലാനുസ്
6. ആര്‍മാഘ് ആര്‍ച്ചുബിഷപ്പായിരുന്ന ഡുബ്ടാഷ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.