മിനിക്കോയ് ദ്വീപിനടുത്തെ ആയുധ വേട്ട: എല്‍ടിടിഇ മുന്‍ ചാരസേനാംഗം പിടിയില്‍

മിനിക്കോയ് ദ്വീപിനടുത്തെ ആയുധ വേട്ട: എല്‍ടിടിഇ മുന്‍ ചാരസേനാംഗം പിടിയില്‍

കൊച്ചി: മിനിക്കോയ് ദ്വീപിനടുത്ത് നിന്നും ആയുധങ്ങളും ഹെറോയിനുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയ സംഭവത്തിലെ പ്രതി പിടിയിൽ. കേസിലെ പ്രധാന പ്രതിയെ എന്‍ഐഎ സംഘമാണ് അറസ്റ്റ് ചെയ്ത്.

തമിഴ്‌നാട്ടില്‍ താമസമാക്കിയ ശ്രീലങ്കന്‍ സ്വദേശി സത്കുനമാണ് പിടിയിലായത്. സബീശന്‍ എന്നറിയപ്പെടുന്ന സത്കുനം 47കാരനാണ്. ഇയാള്‍ മുന്‍പ് തമിഴ് പുലികള്‍ എന്നറിയപ്പെടുന്ന എല്‍ടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമായിരുന്നുവെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം സംഭവത്തിന് പിന്നിൽ തമിഴ് പുലികളാണെന്നാണ് നിഗമനം. എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആയുധക്കടത്തെന്നാണ് എന്‍ഐഎ കരുതുന്നത്.

പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മറ്റും ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്നു. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ താമസിക്കുന്ന പഴയ എല്‍ടിടിഇ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം സത്കുനം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും എന്‍ഐഎ കണ്ടെത്തി.

മിനിക്കോയ് ദ്വീപിനടുത്ത് നിന്ന് കണ്ടെത്തിയ ബോട്ടില്‍ അഞ്ച് എകെ 47 തോക്കുകളും ആയിരം റൗണ്ട് ബുള്ളറ്റുമാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ 300 കിലോഗ്രാം ഹെറോയിനും ബോട്ടിലുണ്ടായിരുന്നു. രവിഹന്‍സി എന്ന് പേരായ ബോട്ട് കോസ്റ്റ്‌ ഗാര്‍ഡാണ് ഇക്കഴിഞ്ഞ മാര്‍ച്ച്‌ 18 ന് കസ്റ്റഡിയിലെടുത്തത്. കേസില്‍ വിശദമായ അന്വേഷണം തുടരുമെന്ന് എന്‍ഐഎ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.