മിസോറി: കൊലക്കേസ് പ്രതിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ഥനയും പരിഗണിച്ചില്ല, അമേരിക്കയില്‍ മാനസിക വളര്‍ച്ചയില്ലാത്ത 61 വയസുകാരന്റെ വധശിക്ഷ നടപ്പാക്കി. കൊളംബിയയില്‍ ഏണസ്റ്റ് ലിജോണ്‍സന്റെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയത്. 1994-ലാണു കേസിനാസ്പദമായ സംഭവം നടന്നത്. അമേരിക്കയിലെ വ്യാപാര സമുച്ചയമായ കണ്‍വീനിയന്‍സ് സ്റ്റോറില്‍ നടന്ന കവര്‍ച്ച ശ്രമത്തിനിടയിലാണ് മൂന്നു ജീവനക്കാരെ കുത്തിക്കൊലപ്പെടുത്തിയത്.
മാനസിക വളര്‍ച്ചയില്ലാത്ത പ്രതിയുടെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ഫ്രാന്‍സിസ് പാപ്പ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍, അമേരിക്കന്‍ നിയമ നിര്‍മ്മാണ സഭയിലെ നിരവധി അംഗങ്ങള്‍ എന്നിവര്‍ അഭ്യര്‍ഥന നടത്തിയെങ്കിലും സംസ്ഥാന ഗവര്‍ണറോ കോടതിയോ വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കിയില്ല.
വത്തിക്കാന്റെ യു.എസ് അംബാസിഡറായ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റഫ് പിയെര്‍, ഫ്രാന്‍സിസ് പാപ്പായുടെ പേരില്‍ മിസോറി ഗവര്‍ണര്‍ മൈക്ക് പാര്‍സന് അയച്ച കത്തിലാണ് വധശിക്ഷ ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ചത്.
മാനസിക വളര്‍ച്ചയില്ലാത്തയാളാണ് ജോണ്‍സനെന്നും അതിനാല്‍ വധശിക്ഷ നടപ്പാക്കരുതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും സുപ്രീം കോടതി ഈ വാദം തള്ളിക്കളഞ്ഞിരുന്നു.
പോപ്പിന്റെ അഭ്യര്‍ത്ഥന കഴിഞ്ഞ ആഴ്ചയാണ് അധികൃതരെ അറിയിച്ചത്. പ്രതിയുടെ തലച്ചോറില്‍ വളരുന്ന ട്യൂമര്‍ ചികിത്സിക്കുന്നതിന് തലച്ചോറിലെ അഞ്ചിലൊരുഭാഗം കോശങ്ങള്‍ നീക്കം ചെയ്തിരുന്നു. ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാരകമായ വിഷം സിരകളിലൂടെ കടത്തിവിട്ടാണ് മരണം ഉറപ്പാക്കിയത്. പ്രതിയുടെ കുടുംബാംഗങ്ങള്‍ വധശിക്ഷ ഒഴിവാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി.
വധശിക്ഷ നടപ്പാക്കുന്നതിനെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധം ഉയരുന്നുവെങ്കിലും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അമേരിക്കന്‍ ഐക്യനാടുകളിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കോവിഡ് മഹാമാരിക്കാലത്ത് വധ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിരിക്കയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.