സ്റ്റേഷനില്‍ നിന്ന് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയും മോഷണം പോയി; തീക്കട്ടയിലും ഉറുമ്പെന്ന് മദ്രാസ് ഹൈക്കോടതി

സ്റ്റേഷനില്‍ നിന്ന് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയും മോഷണം പോയി; തീക്കട്ടയിലും ഉറുമ്പെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മോഷ്ടാക്കളെക്കൊണ്ട് പൊലീസ് സ്റ്റേഷനിലും രക്ഷയില്ലാത്ത അവസ്ഥ. തമിഴ് നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി പതിനാറോളം കേസുകളിലെ അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയുമാണ് മോഷണം പോയത്. തീക്കട്ടയിലും ഉറുമ്പ് അരിക്കുന്നുവോ എന്നായിരുന്നു ഇക്കാര്യത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ പ്രതികരണം.

നാല്‍പ്പതോളം വിഗ്രഹമോഷണ കേസുകളാണ് സമീപകാലത്ത് തമിഴ്‌നാട്ടില്‍ നടന്നത്. പല കേസുകളിലും പ്രതികളെ പിടികിട്ടിയിട്ടില്ല. തൊണ്ടി പിടിച്ചെടുക്കാനും കഴിഞ്ഞില്ല. പൊലീസിന്റെ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാട്ടിയുള്ള ഒരു പൊതുതാല്‍പര്യ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പൊലീസ് അപ്പോഴാണ് സ്റ്റേഷനിലെ മോഷണം വെളിപ്പെടുത്തിയത്.

പതിനാറോളം കേസുകളിലെ അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് മോഷണം പോയിരിക്കുന്നു. അത് ഇതുവരെ കണ്ടെത്തിയിട്ടില്ല. കണ്ടെത്താനുള്ള നീണ്ട ശ്രമം നടക്കുകയാണെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.

മോഷണത്തിന്റെ കഥ കേട്ട് കോടതി സത്യത്തില്‍ ഞെട്ടി. പക്ഷെ, രൂക്ഷമായ പ്രതികരണം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. നിഷ്‌ക്രിയരായ പൊലീസിനെയാണ് ഈ സംഭവം തെളിയിക്കുന്നതെന്നായിരുന്നു കോടതിയുടെ പ്രതികരണം. കേസ് വീണ്ടും അടുത്ത ആഴ്ച കേള്‍ക്കും. അന്വേഷണത്തിലെ പാളിച്ചകള്‍ അപ്പോള്‍ പരിശോധിക്കാമെന്നും കോടതി കോടതി വ്യക്തമാക്കി.

വിഗ്രഹമോഷണം അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടും ഇതാണ് സ്ഥിതിയെന്നും കോടതി ആരാഞ്ഞു. സ്റ്റേഷനില്‍ നിന്ന് കേസ് ഡയറി എങ്ങനെ മോഷണം പോയി എന്നതിന് പൊലീസിന് വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കേസ് അടുത്ത ആഴ്ച പരിഗണിക്കുമ്പോള്‍ കോടതിയുടെ പ്രതികരണം ഇത്തരത്തില്‍ ആയിരിക്കില്ലെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.