മുംബൈ: ഇന്ത്യയിലെ സഹസ്ര കോടീശ്വരന്മാരുടെ മല്‍സര ഓട്ടത്തില്‍ വ്യാഴ വട്ടക്കാലത്തിലേറെയായി ആദ്യ സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെയാണെങ്കിലും തുടര്‍ച്ചയായി മൂന്നാം വര്‍ഷവും രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനി വളരെ പെട്ടെന്ന് 'വേഗത' കൂട്ടിവരുന്നതായി ഫോബ്സ് ഇന്ത്യയുടെ 2021 ലെ പട്ടിക വ്യക്തമാക്കുന്നു.
രാജ്യത്തെ 100 ധനികരുടെ കൂട്ടായ സമ്പത്തിന്റെ അഞ്ചിലൊന്നും ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായിയായ ഗൗതം അദാനിയുടേതെന്നതാണ് നിലവിലെ സ്ഥതി. സമ്പന്നപട്ടത്തിനായുള്ള അംബാനി, അദാനി മല്‍സരം അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ തീക്ഷ്ണമാകുമെന്നു തന്നെ സൂചന.അതേസമയം, പുനരുപയുക്ത ഊര്‍ജ മേഖലയില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കാനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തീരുമാനം വരും വര്‍ഷങ്ങളിലും നേട്ടമാകുമെന്ന വിലയിരുത്തലുമുണ്ട്. ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ ഒരു ദിവസം സമ്പാദിക്കുന്ന വരുമാനത്തിന്റെ കണക്കുകള്‍ ഐ.ഐ.എഫ്.എല്‍., വെല്‍ത്ത് ഹറൂണ്‍ പട്ടികയില്‍ വ്യക്തമാക്കിയിരുന്നു. അംബാനി ഒരു ദിവസം 163 കോടി രൂപ സമ്പാദിക്കുമ്പോള്‍ അദാനി സമ്പാദിക്കുന്നത് 1,002 കോടി രൂപയാണ്.
കോവിഡിനിടെ ആസ്തിയില്‍ മികച്ച വര്‍ധന കൈവരിച്ചു ഇന്ത്യയിലെ സഹസ്ര കോടീശ്വര വിഭാഗമെന്നും ഫോബ്സ് പട്ടിക ചൂണ്ടിക്കാട്ടുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍നിന്ന് അതിവേഗം പുറത്തുവരുന്ന ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ, സമ്പന്നവര്‍ഗം 12 മാസത്തിനുള്ളില്‍ 25,700 കോടി ഡോളറിന്റെ ആസ്തിയാണ് പുതുതായി കൈവരിച്ചത്. അതായത് മുന്‍വര്‍ഷം ഇതേ കാലളവിനെ അപേക്ഷിച്ച് ആസ്തിയിലുണ്ടായ വര്‍ധന 50 ശതമാനത്തോളം.രാജ്യത്തെ ആദ്യ 100 സമ്പന്നരുടെ സംയുക്ത ആസ്തി 77,500 കോടി ഡോളര്‍ വരും.കുടുംബങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഓഹരി വിപണികളില്‍ നിന്നും വിലയിരുത്തല്‍ വിധഗ്ധരില്‍നിന്നും ഇന്ത്യയിലെ റെഗുലേറ്ററി ഏജന്‍സികളില്‍ നിന്നും ലഭിച്ച ഓഹരികളുടെ മൂല്യവും സാമ്പത്തിക വിവരങ്ങളും ഉപയോഗിച്ചാണ് ഫോബ്സ് പട്ടിക തയാറാക്കിയിരിക്കുന്നത്.
പട്ടികയിലുള്ള 80 ശതമാനത്തിലധികം ആളുകളുടേയും ആസ്തിയില്‍ ഒരു വര്‍ഷത്തിനിടെ 100 കോടി ഡോളറിനു മുകളില്‍ വര്‍ധന രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 2008 മുതല്‍ തന്നെ ഒന്നാമന്‍. നിലവില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും അദാനി രണ്ടാം സ്ഥാനത്താണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ശതമാനത്തിലും ആസ്തിയിലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് അദാനിയാണ്. അദാനിയുടെ കീഴിലുള്ള കമ്പനികളുടെ ഓഹരികളെല്ലാം തന്നെ വന്‍ കുതിപ്പ്് കഴ്ചവച്ചു. തല്‍ഫലമായി ആസ്തി മുന്‍വര്‍ഷത്തെ 2,520 കോടി ഡോളറില്‍നിന്ന് 7,480 കോടി ഡോളറായി കുതിച്ചു.
3,100 കോടി ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്ത് ടെക് ഭീമനായ എച്ച്.സി.എല്ലിന്റെ സ്ഥാപകന്‍ ശിവ് നാടാര്‍ ആണ്. അടുത്ത കാലത്താണു മകള്‍ റോഷ്ണി നാടാര്‍ക്കായി അദ്ദേഹം സി.ഇ.ഒ. സ്ഥാനമൊഴിഞ്ഞത്. ടെക് മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തിനുള്ളില്‍ നാടാരുടെ ആസ്തിയില്‍ 1,060 കോടി ഡോളറിന്റെ വര്‍ധനയാണു വരുത്തിയത്. അവന്യൂ റീട്ടെയില്‍ ശൃംഖലയുടെ തലവനായ രാധാകിഷന്‍ ദമാനി പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്തി. 2,940 കോടി ഡോളറാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തി. കഴിഞ്ഞവര്‍ഷം ഇത് 1,540 കോടി ഡോളറായിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ 22 പുതിയ റീട്ടെയില്‍ സ്റ്റോറുകളാണ് ദമാനി ആരംഭിച്ചത്.
കോവിഡ് -19 വാക്സിനുകള്‍ ലോകത്തിനു നല്‍കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകനായ സൈറസ് പൂനവാലയും മുന്നേറുന്നു. 1,900 കോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇദ്ദേഹം. സെറം ആണ് ഇന്ത്യയില്‍ ആസ്ട്രാസെനെക്കയുടെ ലൈസന്‍സിന് കീഴില്‍ കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മിക്കുന്നത്. മറ്റ് കോവിഡ് -19 വാക്സിനുകളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഈ വര്‍ഷത്തെ പട്ടികയിലെ ആറ് പുതുമുഖങ്ങളും കെമിക്കല്‍ മേഖലയില്‍ നിന്നുള്ളവരാണ് . അശോക് ബൂബ് (നമ്പര്‍ 93, 230 കോടി ഡോളര്‍), ദീപക് മേത്ത (നമ്പര്‍ 97, 205 കോടി ഡോളര്‍), യോഗേഷ് കോത്താരി (നമ്പര്‍ 100, 194 കോടി ഡോളര്‍), അരവിന്ദ് ലാല്‍(നമ്പര്‍ 87, 255 കോടി ഡോളര്‍), മംഗള്‍ പ്രഭാത് ലോധ (നമ്പര്‍ 42, 450 കോടി ഡോളര്‍), പ്രതാപ് റെഡ്ഡി (നമ്പര്‍ 88, 253 കോടി ഡോളര്‍) എന്നിവരാണ് പുതുമുഖങ്ങള്‍. 194 കോടി ഡോളറിനു മുകളില്‍ ആസ്തിയുള്ളവരെയാണ് ഇത്തവണ ഫോബ്സ് പട്ടികയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പരിധി 133 കോടി ഡോളറായിരുന്നു. ആസ്തി പരിധി ഉയര്‍ത്തിയതിനാല്‍ കഴിഞ്ഞവര്‍ഷം പട്ടികയില്‍ ഉള്‍പ്പെട്ട 11 പേര്‍ ഇത്തവണ പുറത്തായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.