ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം പാഞ്ഞുകയറി കര്‍ഷകരുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നതായി റിപ്പോര്‍ട്ട്.
ആശിഷ് മിശ്ര ഇപ്പോള്‍ എവിടെയാണുള്ളതെന്ന് പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആശിഷ് മിശ്ര ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉള്ളതായാണ് ഒടുവില്‍ ലഭിച്ച വിവരം. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി.
ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 10 പത്തിന് ഹാജരാകാനാണ് യുപി പൊലീസ് ആശിഷ് മിശ്രയോട് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുപി പൊലീസ് ആശിഷിന്റെ വീട്ടില്‍ സമന്‍സ് നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ പൊലീസിന് മുന്നില്‍ ഹാജരായിട്ടില്ല. ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മന്ത്രി അജയ് മിശ്ര രാജിവെക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്.
അതേസമയം ലഖിംപൂര്‍ സംഘര്‍ഷം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. യുപി സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ആശിഷ് മിശ്രയുടെ അടുത്ത അനുയായികളായ ലവ് കുശ, ആഷിഷ് പാണ്ഡെ എന്നിവര്‍ അറസ്റ്റിലായതായി യുപി പൊലീസ് അറിയിക്കും.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആരെയൊക്കെ അറസ്റ്റ് ചെയ്തു, അന്വേഷണ പുരോഗതി തുടങ്ങിയ വിവരങ്ങള്‍ സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പോലീസ് നടപടികള്‍ കര്‍ക്കശമാക്കിയതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നല്‍കിയത്. അതിനിടെ, ലഖിംപൂര്‍ സംഘര്‍ഷത്തില്‍ നാലു കര്‍ഷകര്‍ മരിച്ചതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.