ഉപരിപ്‌ളവ ഏകത്വം ലക്ഷ്യമിട്ടാകരുത് സഭകളുടെ ഐക്യ നീക്കമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

 ഉപരിപ്‌ളവ ഏകത്വം ലക്ഷ്യമിട്ടാകരുത് സഭകളുടെ ഐക്യ നീക്കമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:വൈവിധ്യ സമ്പന്നമായ ഐക്യം വളര്‍ത്തിയെടുക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള ദൈവശാസ്ത്രപരമായ പ്രവര്‍ത്തനമായിരിക്കണം ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ സഭകളുടെ ആശയവിനിമയ ഐക്യ വേദിയില്‍ നിന്നുണ്ടാകേണ്ടതെന്നും ഉപരിപ്‌ളവ ഏകത്വത്തിന്റെ പ്രലോഭനത്തിന് വഴങ്ങുന്നത് ഗുണകരമാകില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. റോമില്‍ സെന്റ് ഇറാനിയസ് ജോയിന്റ് ഓര്‍ത്തഡോക്്‌സ്-കത്തോലിക്കാ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

'ആരുടെയും പ്രത്യേകതകളെ ഇല്ലായ്മ ചെയ്യുന്നതാകരുത് ഒരുമ; മറിച്ച് പരസ്പരം പരിപോഷിപ്പിക്കുന്നതാകണം'- ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ട് കോഹിന്റെ വാക്കുകളെ ഉദ്ധരിച്ച് ഫ്രാന്‍സിസ് പാപ്പ ചൂണ്ടിക്കാട്ടി. സഭകള്‍ പങ്കിടുന്ന അപ്പസ്‌തോലികവിശ്വാസത്തിന്റെ പ്രകടനം എപ്രകാരം യുക്തിപൂര്‍ണ്ണ അവസരങ്ങളാക്കി മാറ്റാനാകുമെന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.പാരമ്പര്യങ്ങളിലെ വ്യത്യസ്തമായ വശങ്ങള്‍ എങ്ങനെ പങ്കുവയ്ക്കാനാകുമെന്നും കണ്ടെത്തണം.
ഈ കൂട്ടായ്മ ഒരു കമ്മിറ്റിയോ കമ്മീഷനോ അല്ല, മറിച്ച് സാഹോദര്യവും, ക്ഷമയും നിറഞ്ഞ സംഭാഷങ്ങളിലൂടെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ഐക്യത്തിനായി പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന 'കര്‍മ്മസമൂഹം' ആണ്. ദൈവസഹായത്താല്‍ ഭിന്നതയുടെ മതിലുകള്‍ തകര്‍ക്കാനും കൂട്ടായ്മയുടെ പാലങ്ങള്‍ നിര്‍മ്മിക്കാനുമായിരിക്കണം ഊന്നല്‍ നല്‍കേണ്ടത്.

വര്‍ക്കിംഗ് ഗ്രൂപ്പിന്റെ രക്ഷാധികാരിയായ ലിയോണ്‍സിലെ വിശുദ്ധ ഇറാനിയസിന്റെ മാതൃക പാപ്പ ഓര്‍മ്മിപ്പിച്ചു. 'ഇറാനിയസ്' എന്ന പേരില്‍ 'സമാധാനം' എന്ന വാക്ക് അടങ്ങിയിരിക്കുന്നു. വിലപേശിയല്ല കര്‍ത്താവിന്റെ സമാധാനം ആര്‍ജിക്കേണ്ടത്. ഐക്യത്തില്‍ ഒന്നിക്കുമ്പോഴുള്ളതാകണം ആ സമാധാനം. സെന്റ് പോള്‍ എഴുതിയതു പോലെ (എഫെ 2:14) 'ക്രിസ്തുവാണ് നമ്മുടെ സമാധാനം; അവന്‍ നമ്മെ ഒന്നാക്കി, ശത്രുതയുടെ വിഭജന മതില്‍ തകര്‍ത്തു'. ഇപ്രകാരം പരസ്പരം അനുരഞ്ജനത്തിലൂടെ ഐക്യം കൊണ്ടുവരുന്ന സമാധാനമാണ് യേശുവും നല്‍കിയത്. റോമിലെ ആഞ്ചലിക്കം യൂണിവേഴ്‌സിറ്റിയിലെ സഭൈക്യപഠനങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ കീഴില്‍ ഒരുമിച്ച് ചേര്‍ന്ന് നടക്കാന്‍ പോകുന്ന പഠനങ്ങള്‍ക്ക്് പാപ്പ ആശംസകള്‍ അര്‍പ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.