സ്റ്റോക്ക് ഹോം:2021 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് മാധ്യപ്രവര്‍ത്തകര്‍ പങ്കിട്ടു. ഫിലീപ്പീന്‍സ് വംശജയായ മരിയ റെസയും (58) റഷ്യക്കാരന്‍ ദിമിത്രി മുറടോവുമാണ് (59) സമ്മാനത്തിന് അര്‍ഹരായത്.
ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നടത്തിയ ശ്രമങ്ങള്‍ മാനിച്ചാണ് ഇരുവര്‍ക്കും സമാധാനത്തിനുള്ള നൊബേല്‍ നല്‍കുന്നതെന്ന് പുരസ്‌കാര സമിതി വ്യക്തമാക്കി.
നേരത്തെ സി.എന്‍.എന്നിനുവേണ്ടി നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ റെസ ഇപ്പോള്‍ ഫിലിപ്പീന്‍സിലെ ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സി.ഇ.ഒയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെ പേരില്‍ ഫിലിപ്പീന്‍സില്‍ ആറു മാസം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തു കൊണ്ടുവന്നതിന്റെ പേരിലാണ് ഇവര്‍ക്കെതിരേ ശിക്ഷ വിധിച്ചത്.
തന്നെ അപകീര്‍ത്തിപ്പെടുത്തും വിധം 2012ല്‍ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് വ്യവസായി വില്‍ഫ്രെഡോ കെങ് 2017ലാണ് കേസ് നല്‍കിയത്. ഇംപീച്മെന്റിലൂടെ പുറത്താക്കപ്പെട്ട മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ വ്യവസായിയാണ് വില്‍ഫ്രെഡോ കെങ്. എട്ടോളം കേസുകളാണ് മരിയ റെസക്കെതിരെയും അവരുടെ മാധ്യമ സ്ഥാപനമായ റെപ്ലക്കെതിരെയും പ്രസിഡന്റ് റോഡിഗ്രോ ഡുട്ടെര്‍ട്ടെയുടെ ഭരണകൂടം ഫയല്‍ ചെയ്തത്.
മയക്കുമരുന്ന് ഉപയോഗത്തിലൂടെ ആയിരക്കണക്കിന് പേര്‍ മരിച്ചസംഭവത്തില്‍ വാര്‍ത്താ പരമ്പരകള്‍ പ്രസിദ്ധീകരിച്ചതോടെ 'റാപ്ലര്‍' ഡുട്ടെര്‍ട്ടെ ഭരണ കൂടത്തിന്റെ കണ്ണിലെ കരടായി. സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പ്രസിഡന്റ് ഡുട്ടെര്‍ട്ടെ അനുകൂലെ നെറ്റ് വര്‍ക്കിനെയും മരിയ റെസയുടെ മാധ്യമം തുറന്നു കാട്ടിയിരുന്നു.
സീഡ്സ് ഓഫ് ടെറര്‍: ആന്‍ ഐവിറ്റ്നസ് അക്കൗണ്ട് ഓഫ് അല്‍ഖൈ്വദാസ് ന്യൂവസ്റ്റ് സെന്റര്‍, ഫ്രം ബിന്‍ ലാദന്‍ ടു ഫെയ്സ്ബുക്ക്: 10 ഡെയ്സ് ഓഫ് അബ്ഡക്ഷന്‍, 10 ഇയേഴ്സ് ഓഫ് ടെററിസം എന്നീ പുസ്തകങ്ങളും റെസ എഴുതിയിട്ടുണ്ട്.
റഷ്യന്‍ ദിനപത്രമായ നൊവായ ഗസെറ്റയുടെ എഡിറ്ററര്‍ ഇന്‍ ചീഫാണ് ദിമിത്രി മുറടോവ്. സര്‍ക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായ റിപ്പോര്‍ട്ടുകള്‍ക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.