കോവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നു; സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി വി.ഡി സതീശൻ

കോവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നു; സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ യഥാര്‍ത്ഥ കോവിഡ് മരണസംഖ്യ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് വീണ്ടും വിമർശനവുമായി വി.ഡി സതീശൻ. കോവിഡ് ബാധിച്ച്‌ മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും കോവിഡ് നെഗറ്റീവ് ആയവരും മരണമടയുമ്പോൾ സര്‍ക്കാര്‍ അത്തരം മരണങ്ങളെ കോവിഡ് മരണപട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും പ്രതിപക്ഷം കൂട്ടിച്ചേർത്തു.

കോവിഡ് മരണം നിശ്ചയിക്കുന്നതില്‍ ഐ.സി.എം.ആര്‍ മാനദണ്ഡം സര്‍ക്കാര്‍ പാലിക്കുന്നില്ല. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കാതെ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

മറ്റ് സംസ്ഥാനങ്ങള്‍ കോവിഡ് മരണങ്ങള്‍ക്ക് പ്രത്യേകം നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ നാല് ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. വാക്‌സിന്‍ ചലഞ്ചിലൂടെ നല്ല തുക സമാഹരിച്ചിട്ടുണ്ട്. അതില്‍ നിന്നും കോവിഡ് ബാധിച്ച്‌ മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം ഇത് യു.ഡി.എഫ് ആദ്യം മുതലേ ആവശ്യപ്പെടുന്ന കാര്യമാണ്.

കേരളത്തില്‍ മാത്രമല്ല, വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ അത്തരം കണക്കുപോലുമില്ല. എംബസികള്‍ വഴി വളരെ എളുപ്പത്തില്‍ എടുക്കാവുന്ന കണക്കായിട്ടു പോലും സര്‍ക്കാരിന്റെ പക്കല്‍ എത്ര പ്രവാസികള്‍ മരിച്ചു എന്നതിന് കണക്കില്ലെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

എന്നാൽ കോവിഡ് വ്യാപനം ഉയര്‍ന്നുനില്‍ക്കുമ്പോളും പ്രാഥമിക സെന്ററുകള്‍ എല്ലാം നിര്‍ത്തലാക്കി. 22,000 ഓളം കോവിഡ് വാരിയേഴ്‌സിനെ പിരിച്ചുവിട്ടു. കോവിഡിനു വേണ്ടിയുള്ള എല്ലാ പ്രതിരോധ സംവിധാനങ്ങളും പിരിച്ചുവിട്ടു. ലോക്കല്‍ ഭരണസമിതികള്‍ക്ക് പണം നല്‍കുന്നില്ല. കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള സൗജന്യ ചികിത്സ സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

അതേസമയം സംസ്ഥാനത്ത് കോവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 7000 കോവിഡ് മരണങ്ങൾ കൂടി ഔദ്യോഗികമായി പട്ടികയിൽ ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.