'നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ'... ഇന്ന് വിശുദ്ധ ജോണ്‍ ഹെന്‍ട്രി ന്യൂമാന്റെ ഒര്‍മ്മ ദിനം

'നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ'... ഇന്ന് വിശുദ്ധ ജോണ്‍ ഹെന്‍ട്രി ന്യൂമാന്റെ ഒര്‍മ്മ ദിനം

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 09

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കോളനിവത്ക്കരണവും വ്യാവസായിക വിപ്ലവവും അസമത്വങ്ങളുമെല്ലാം നിറഞ്ഞുനിന്ന ഇംഗ്ലണ്ടില്‍ 1801 ഫെബ്രുവരി 21 നാണ് ജോണ്‍ ഹെന്‍ട്രി ന്യൂമാന്റെ ജനനം. സാമ്രാജ്യ വത്ക്കരണത്തിന്റെ സാമ്രാട്ടായ ബ്രിട്ടണില്‍ 17-ാം നൂറ്റാണ്ടിനു ശേഷം ജനിച്ചവരില്‍ നിന്നും വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയാണ് ന്യൂമാന്‍.

സൂക്ഷ്മ ബുദ്ധിയിലും പ്രതിഭ നിറഞ്ഞ എഴുത്തിലും നന്നേ ചെറുപ്പത്തിലേ പേരുകേട്ട ആംഗ്ലിക്കന്‍ വൈദികനായ ന്യൂമാന്‍, തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തികളായി പറഞ്ഞിരുന്നത് അരിസ്റ്റോട്ടില്‍, പ്ലേറ്റോ, സോക്രട്ടീസ് തുടങ്ങിയ തത്വചിന്തകരും ഡാന്റെ, ജോണ്‍ മില്‍ട്ടണ്‍, സീസറോ, ബട്ട്‌ലര്‍ തുടങ്ങിയ സാഹിത്യകാരന്‍മാരും ഒരിജന്‍, വിശുദ്ധ അഗസ്റ്റിന്‍, വിശുദ്ധ തോമസ് അക്വീനാസ് തുടങ്ങിയ ദൈവശാസ്ത്ര പണ്ഡിതരുമായിരുന്നു.

1830 കളില്‍ എഴുത്തിന്റെ ലോകത്ത് അറിയപ്പെടാന്‍ തുടങ്ങിയെങ്കിലും ന്യൂമാന്‍ ഏറ്റവുമധികം സ്മരിക്കപ്പെടുന്നത് 'നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ... ചുറ്റിലുമിരുള്‍ പടര്‍ന്നിടുന്ന വേളയില്‍... അന്ധകാര പൂര്‍ണമായ രാത്രിയാണു പോല്‍... നിന്‍ ഗൃഹത്തില്‍ നിന്നുമേറെ ദൂരെയാണ് ഞാന്‍...' എന്ന് തുടങ്ങുന്ന ഈ ഗാനത്തിലൂടെയാണ്. യുവ വൈദികനായിരിക്കെ 1833 ല്‍ ഇറ്റലിയില്‍ രോഗക്കിടക്കയില്‍ കിടന്ന് വിതുമ്പിക്കൊണ്ട് ന്യൂമാന്‍ എഴുതിയ വരികളാണിവ. അന്നും ഇന്നും ആയിരങ്ങള്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാണ് ഈ കവിതാ ശകലങ്ങള്‍. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മജിക്ക് ഈ വരികള്‍ ഏറെ പ്രചോദനമായിരുന്നു.

1824 ജൂണ്‍ 13 ന് ആംഗ്ലിക്കന്‍ വൈദികനായ ന്യൂമാന്‍, 1845 ഒക്ടോബര്‍ ഒമ്പതിന് കത്തോലിക്കാ സഭാംഗമായി. 1847 ല്‍ കത്തോലിക്കാ വൈദികനായി അഭിഷിക്തനായ അദ്ദേഹത്തെ 1879 മെയ് 12 ന് ലിയോ 13-ാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ പദവി നല്‍കി ഉയര്‍ത്തി. വിശുദ്ധ ന്യൂമാന്റെ ആദര്‍ശ വാക്യമായ 'ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു' എന്ന വാക്കുകള്‍ക്ക് വ്യക്തി ജീവിതത്തിലും സന്യാസ ജീവിതത്തിലും വൈദിക ജീവിതത്തിലും കുടുംബ ജീവിതത്തിലുമൊക്കെ ഏറെ അര്‍ത്ഥതലവും ആഴപ്പരപ്പുമുണ്ട്.

1890 ഓഗസ്റ്റ് 11 ന് സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാനെ കത്തോലിക്കാ സഭ മാത്രമല്ല ആംഗ്ലിക്കന്‍ സഭയും എപ്പിസ്‌കോപ്പിയന്‍ സഭയും ആദരിക്കുന്നു.

അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചത് 1958 ലാണ്. നട്ടെല്ലില്‍ രോഗം ബാധിച്ച ഡീന്‍ ജാക്ക് സുള്ളിവന്‍ എന്നയാളുടെ രോഗം കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍ട്രി ന്യൂമാന്റെ അത്ഭുതകരമായ മാധ്യസ്ഥം വഴി ഭേദമായത് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ 2009 ജൂലൈയില്‍ അംഗീകരിച്ചു.

തുടര്‍ന്ന് 2010 സെപ്റ്റംബര്‍ 19 ന് ന്യൂമാനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. 2019 ഒക്ടോബര്‍ 13 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍ട്രി ന്യൂമാനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഡോമ്‌നിസൂസ്

2. ദേവൂസു ദേദിത്ത്

3. ഉമ്പ്രിയായിലെ ജെമിനൂസ്

4. പേട്രിയര്‍ക്കോ അബ്രഹാം

5. സലെര്‍ണാ ആര്‍ച്ചു ബിഷപ്പായിരുന്ന അല്‍ഫാനൂസ്

6. സിറിയായിലെ അന്ത്രോണിക്കൊസും ഭാര്യ അത്തനെഷ്യായും

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.