ആഘോഷങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും സമ്പന്നമാണ് ആംഗ്ലോ ഇന്ത്യന്‍ വിവാഹ ചടങ്ങുകള്‍. ആംഗ്ലോ-ഇന്ത്യന്‍ വിവാഹങ്ങള്‍ മറ്റു വിവാഹ ചടങ്ങുകളില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ്. ഹൃദയഹാരിയും ആനന്ദകരവുമായ ഒരുപാട് ചടങ്ങുകളാലും ആചാരങ്ങളാലും സമ്പന്നമാണ് ഈ വിവാഹങ്ങള്‍. ആംഗ്ലോ-ഇന്ത്യന്‍ ക്രൈസ്ത വിവാഹങ്ങളില്‍ വധു പാശ്ചാത്യ രീതിയിലുള്ള ഗൗണും വരന്‍ സ്യൂട്ടുമാണ് ധരിക്കുന്നത്.
പ്രത്യേക വിവാഹ ആചാരങ്ങള്‍
ക്രിസ്ത്യന്‍ വിവാഹങ്ങളിലെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചടങ്ങാണ് ബ്രൈഡല്‍ ഷവര്‍. വിവാഹത്തലേന്ന് വധുവിന്റെ സുഹൃത്തുക്കള്‍ സ്ത്രീകള്‍ക്കായി മാത്രം നടത്തുന്ന അനൗപചാരികമായ ഒരു പാര്‍ട്ടിയാണ് ഇത്. പാട്ടും ചിരിയും കളിയുമൊക്കെ ചേര്‍ന്ന ഒരടി പൊളി ആഘോഷം. നല്ലൊരു വിവാഹജീവിതത്തിനുള്ള ആശംസകളോടെ വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വധുവിന് സമ്മാനങ്ങളും മറ്റും ഈ രാത്രിയില്‍ നല്‍കും.
അന്നു രാത്രിയില്‍ വധു ഇളം നിറത്തിലുള്ള കേക്ക് മുറിച്ച് എല്ലാവര്‍ക്കും നല്‍കുന്നത് പരമ്പരാഗതമായി അനുഷ്ഠിച്ചു വരുന്ന മറ്റൊരു ചടങ്ങാണ്. ഈ കേക്കിനും ഒരു പ്രത്യേകതയുണ്ട്. ഈ കേക്കില്‍ ഒരു വിരല്‍ത്രാണം ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. ഈ വിരല്‍ത്രാണമുള്ള കേക്കിന്റെ കഷ്ണംകിട്ടുന്ന പെണ്‍കുട്ടിയായിരിക്കും അടുത്തതായി വിവാഹിതയാകുക എന്നതും ഒരു വിശ്വാസമാണ്.
തന്റെ സുഹൃത്തുക്കള്‍ക്കായി വരന്റെ ആതിഥേയത്യത്തില്‍ നടക്കുന്നതാണ് ബാച്ചിലര്‍ പാര്‍ട്ടി. ഇത് പ്രധാനമായും കല്യാണത്തിന്റെ തലേന്ന് സംഘടിപ്പിക്കുന്ന ഒരു സ്റ്റേജ് പാര്‍ട്ടിയാണ്. അല്ലെങ്കില്‍ വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരന്‍ ബാച്ചിലറായുള്ള തന്റെ അവസാന സായാഹ്നം കൂട്ടുകാരോടൊപ്പം ആസ്വദിക്കുന്നു.
പരമ്പരാഗതമായി ആംഗ്ലോ-ഇന്ത്യന്‍ ക്രൈസ്തവ വിവാഹത്തിന് വധു പാശ്ചാത്യ രീതിയിലുള്ള വെള്ള ഗൗണാണ് ധരിക്കാറുള്ളത്. അഞ്ച് മുതല്‍ ഏഴു മീറ്റര്‍വരെ നീളമുള്ള മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഇത്തരം ഗൗണുകള്‍ സാധാരണയായി തയ്ക്കുന്നത്. ഇവ ഇന്ന് പല ഡിസൈനുകളില്‍ ലഭ്യമാണ്.
വധുവിനെ പോലെ തന്നെ ഗൗണുമണിഞ്ഞ് ഒരുങ്ങി വധുവിന്റെകൂടെ വരുന്ന തോഴിമാരാണ് ബ്രൈഡ്‌സ് മെയ്ഡ്‌സ്. നവദമ്പതികളെ ഉപദ്രവിക്കാനിടയുള്ള ദുര്‍ഭൂതങ്ങളെയും അസൂയാലുക്കളായ മറ്റുള്ളവരെയും കുഴയ്ക്കുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശം.
ദേവാലയത്തില്‍ വധുവിനു നല്‍കുന്ന സ്വീകരണം വിവാഹദിവസം നടക്കുന്ന ചടങ്ങാണ് വെല്‍കമിങ് ദ് ബ്രൈഡ്. വധുവിനായി കാത്തുനില്‍ക്കും. വധു എത്തുമ്പോള്‍ അവളുടെ ഇരുകവിളുകളിലും മുത്തവും ഒരു പൂച്ചെണ്ടും നല്‍കി വരന്‍ അവളെ ദേവാലയത്തിലെ അള്‍ത്താരയുടെ അരികിലേയ്ക്ക് ഘോഷയാത്രയുടെ അകമ്പടിയോടെ ആനയിക്കും. അള്‍ത്താരയില്‍ നില്‍ക്കുന്ന പുരോഹിതന്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് അവരെ ദേവാലയത്തിലേയ്ക്ക് സ്വീകരിക്കും.
പൊതുവേ ഗ്രാന്റ് മാര്‍ച്ചിലേയ്ക്ക് നവദമ്പതികളെ ആനയിക്കുന്നത് വിവാഹം കഴിഞ്ഞു കുറച്ച് വര്‍ഷങ്ങളായ ദമ്പതികളാണ്. പാട്ടിന്റെ താളത്തിനൊപ്പം നൃത്തം വയ്ക്കാന്‍ പരിചയമുള്ളവരുടെ അടുത്തുനിന്നാണ് നവദമ്പതികള്‍ പഠിക്കുന്നത്. പതിയെ പതിയെ പാട്ടിന്റെ താളം മുറുകുന്നതിനനുസരിച്ച് സകലരും നൃത്തത്തില്‍ മുഴുകും. നൃത്തം ആരംഭിക്കുന്നത് നവദമ്പതികളെ റൂമിനു ചുറ്റും ആനയിച്ചു കൊണ്ടാണ്. ഇത് ജീവനെ അര്‍ത്ഥമാക്കുന്നു. പിന്നീട് ദമ്പതികളെ പിരിക്കും. ഇത് കലഹത്തെയും സൂചിപ്പിക്കുന്നു. ഇതിനുശേഷം പരിഹാരത്തെ സൂചിപ്പിച്ച് ഇവര്‍ വീണ്ടും ഒന്നിക്കും. പിന്നീട് ഇവരുടെകൂടെ മറ്റുള്ളവരും കൂടി ചേര്‍ന്ന് പല നിരകളുണ്ടാക്കും.
ഇരുവരുടെയും കുടുബ ബന്ധങ്ങളുടെ വളര്‍ച്ചയാണ് ഇതു സൂചിപ്പിക്കുന്നത്. ശേഷം ഈ നിരകളെല്ലാം ചേര്‍ന്ന് സര്‍പ്പത്തെ പോലെ ഒറ്റ നിരയായി നൃത്തം ചെയ്യും. ജീവിതം ഏറെ ഉയര്‍ച്ചകളും താഴ്ച്ചകളും നിറഞ്ഞതാണെന്ന് ഇത് സൂചിപ്പിക്കുന്നു. പിന്നീട് ഈ ദമ്പതികള്‍ കൈച്ചേര്‍ത്തുവച്ച് പാലം പോലെ നില്‍ക്കും. ഇതിനടിയിലൂടെ മറ്റുള്ളവര്‍ കടക്കും. ഇതു കാണിക്കുന്നത് നവദമ്പതികളുടെ ബന്ധത്തിന്റെ കരുത്താണ്. പിന്നീട് നവദമ്പതികള്‍ രണ്ടു പേരും കൂടി നൃത്തം ചെയ്യാന്‍ തുടങ്ങും. ഇവര്‍ക്കു ചുറ്റും വിവാഹപാര്‍ട്ടിയിലെ അതിഥികളെല്ലാവരും വട്ടത്തില്‍ കൂടും. വിവാഹത്തിനു ശേഷം ദമ്പതികള്‍ക്കുള്ള കുടുംബങ്ങളുടെ പിന്തുണയാണ് ഇത് സൂചിപ്പിക്കുന്നത്.
വൈവാഹിക ജീവിതത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ ഉടനീളം സംഭവിക്കാനിടയുള്ള എല്ലാ കാര്യങ്ങളും കോര്‍ത്തിണക്കി ആദ്യ ദിവസം തന്നെ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്ന രീതിയിലുള്ള ചടങ്ങുകളാണ് ചടങ്ങില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നവ വധൂ വരന്മാര്‍ക്ക് പുറമെ ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാ ദമ്പതിമാര്‍ക്കും ഇതില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഏത് വിഭാഗക്കാര്‍ക്കും അനുകരണീയമായ വിശേഷ ചടങ്ങുകളാല്‍ വ്യത്യസ്തമാണ് ആംഗ്ലോ ഇന്ത്യന്‍ വിവാഹ രീതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.