കാബൂള്‍ പള്ളിയിലെ ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; ചാവേറായത് ഉയിഗര്‍ വംശജന്‍

കാബൂള്‍ പള്ളിയിലെ ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; ചാവേറായത് ഉയിഗര്‍ വംശജന്‍

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഷിയ പള്ളിക്കു നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഖൊരാസന്‍ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് കുണ്ടൂസ് പ്രവിശ്യയിലെ ഷിയ പള്ളിയില്‍ നിസ്‌കാരത്തിന് എത്തിയവര്‍ക്ക് നേരെയായിരുന്നു ബോംബാക്രമണം. ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗര്‍ മുസ്ലീം വംശജനായ മുഹമ്മദ് അല്‍-ഉയിഗരി എന്നയാളാണ് സ്‌ഫോടനം നടത്തിയത്. ഭീകരാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

നിരവധിയാളുകള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. നിസ്‌കാരത്തിന് എത്തിയവരുടെ ഇടയിലേക്ക് ഭീകരന്‍ കടന്നുകയറി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പ്രാര്‍ത്ഥനക്കെത്തിയവരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടെന്ന് കുണ്ടൂസ് പ്രവിശ്യ ഡെപ്യൂട്ടി പോലീസ് ഓഫിസര്‍ മുഹമ്മദ് ഒബൈദ പറഞ്ഞു.

ദിവസങ്ങള്‍ക്കു മുന്‍പ് കാബൂളിലുണ്ടായ ഭീകരാക്രമണത്തിന്റെ ഭീതി ഒഴിയും മുന്‍പേയാണ് ഷിയ പള്ളിയില്‍ നടന്ന ഭീകരാക്രമണം. താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ പിടിച്ചടക്കുന്ന സമയത്ത് താലിബാനെതിരെ കടുത്ത പ്രതിഷേധ പോരാട്ടം നടത്തിയ പ്രദേശമാണ് ഷിയ പള്ളി നിലനില്‍ക്കുന്ന കുണ്ടൂസ്.

അഫ്ഗാനിലെ തീവ്രവാദി സംഘടനകളില്‍ ഏറ്റവും അപകടകാരിയായ സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശികരൂപമായ ഐഎസ് ഖൊറാസന്‍ എന്ന ഐഎസ്-കെ. കിഴക്കന്‍ അഫ്ഗാനിലെ ഖൊറാസന്‍ പ്രവിശ്യയാണ് ആസ്ഥാനം. പാകിസ്ഥാനിലും സജീവമാണ്.

ഓഗസ്റ്റ് 26 ന് കാബൂളിലെ ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിന് പുറത്ത് ഐഎസ്-കെ ഭീകരന്‍ ചാവേര്‍ ആക്രമണം നടത്തിയിരുന്നു. വിമാനത്താവളത്തില്‍ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തില്‍ 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 180 പേര്‍ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.