ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ചക്കില്ലെന്ന് കരസേനാ മേധാവി

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ചക്കില്ലെന്ന് കരസേനാ മേധാവി

ന്യൂഡൽഹി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരവേ ചൈനയ്ക്ക് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ. ചൈനീസ് സേന തുടരുന്നിടത്ത് ഒരിഞ്ച് പോലും ഇന്ത്യ പിന്‍മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്കില്ലെന്നും കരസേനാ മേധാവി ജനറല്‍ കൂട്ടിച്ചേർത്തു. ചൈനീസ് സേന അതിര്‍ത്തിയില്‍ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്ന് കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കു മുൻപാണ് എം.എം നരവനെയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നിയന്ത്രണ രേഖയില്‍ വിദേശ ശക്തികളുടെ ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ഒരു കോണ്‍ക്‌ളേവില്‍ പങ്കെടുക്കവേയാണ് കരസേന മേധാവി ചൈനയുടെ ശ്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് സൂചന നല്‍കിയത്. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുണ്ടായ ചര്‍ച്ചകളിലൂടെ ഇരു പക്ഷവും മേഖലയില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും ലഡാക്കില്‍ സംഘര്‍ഷമുണ്ടായത്.

നിങ്ങള്‍ അവിടെ നില്‍ക്കാന്‍ ഉണ്ടെങ്കില്‍ ഞങ്ങളും അവിടെ തുടരാം എന്ന സന്ദേശമാണ് കരസേന മേധാവി നല്‍കിയത്. അതിര്‍ത്തില്‍ ചൈനയുടെ ഭാഗത്ത് ശക്തമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കരസേന മേധാവി അംഗീകരിച്ചു. സൈനികര്‍ക്ക് താമസിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിലാണ് ചൈന ഊന്നല്‍ നല്‍കുന്നത്. ഈ സംഭവങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും, വിലയിരുത്തുന്നുണ്ടെന്നും കരസേന മേധാവി വ്യക്തമാക്കി.

അതേസമയം നിയന്ത്രണരേഖയില്‍ അധികമായി വിന്യസിച്ച സൈനികരെ പിന്‍വലിക്കുവാനായി ഇരു രാജ്യങ്ങളും തമ്മിലുള്ള 13ാമത് കോര്‍പ്സ് കമാന്‍ഡര്‍ തല ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. എല്‍എസിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ചൈന ശ്രമിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.