മോസ്‌കോ: റഷ്യയില്‍ 22 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.23ന് ടാട്ടര്‍സ്ഥാനിലെ മെന്‍സെലിന്‍സ്‌കി നഗരത്തിനു സമീപമായിരുന്നു അപകടം. രണ്ടു ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 22 യാത്രക്കാരുമായി പറന്ന എല്‍-410 വിമാനമാണ് തകര്‍ന്നുവീണത്. ആറു പേരെ രക്ഷപ്പെടുത്തിയതായി റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിമാനത്തില്‍ 23 പേര്‍ ഉണ്ടായിരുന്നെന്നും 15 പേര്‍ മരിച്ചെന്നുമാണ് ആദ്യഘട്ടത്തില്‍ വന്ന റിപ്പോര്‍ട്ട്. അപകടത്തില്‍ വിമാനത്തിന്റെ നടുഭാഗം പിളര്‍ന്നതായി ചിത്രങ്ങളില്‍നിന്നു വ്യക്തമാണ്. റഷ്യയുടെ കര, വ്യോമ, നാവികസേനകള്‍ക്ക് സഹായം നല്‍കുന്ന പ്രതിരോധ സംഘടനയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലായതാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നതെന്നാണ് പ്രദേശത്തെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആര്‍.ഐ.എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
പാരച്യൂട്ട് സംഘമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് സംഘടനയുടെ റീജണല്‍ ബ്രാഞ്ച് മേധാവി അറിയിച്ചു. പാരച്യൂട്ടിങ് ക്ലബ് തന്നെയാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്. വിമാനത്തിന്റെ എന്‍ജിന്‍ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷം ഇതിനു മുന്‍പ് രണ്ട് എല്‍-410 വിമാനങ്ങള്‍ അപകടത്തില്‍പ്പെടുകയും എട്ടു പേര്‍ മരിക്കുകയും ചെയ്തിരുന്നു.
റഷ്യയില്‍ വിമാന ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനങ്ങളുടെ കാലപ്പഴക്കമാണ് അപകടമുണ്ടാകാനുള്ള മുഖ്യകാരണമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.