മുംബൈ: യാത്രയ്ക്കിടെ ട്രെയിനില്‍ തുപ്പുന്നവരെ കൊണ്ട് പൊറുതിമുട്ടിയ സാഹചര്യത്തിൽ പുതിയ പരീക്ഷണവുമായി ഇന്ത്യൻ റെയില്‍വേ. ട്രെയിനിലും, സ്റ്റേഷന്‍ പരിസരത്തും തുപ്പുന്നവരില്‍ നിന്നും അഞ്ഞൂറ് രൂപ ഫൈന്‍ ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഫലവത്തായിരുന്നില്ല ഈ സാഹചര്യത്തിലാണ് പുതിയ പരിഹാരമാര്‍ഗം കണ്ടെത്തിയിരിക്കുന്നത്.
യാത്രക്കാര്‍ക്ക് തുപ്പുന്നതിനായി പല വലിപ്പത്തിലുമുള്ള സ്പിറ്റൂണുകള്‍ ( തുപ്പല്‍ പാത്രങ്ങള്‍ ) നല്‍കാനാണ് റെയിൽവേയുടെ പുതിയ തീരുമാനം. ഇതില്‍ പോക്കറ്റ് വലിപ്പത്തില്‍ വരെയുള്ളവ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാവും.
ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഈ പായ്ക്കറ്റുകള്‍ അതിന്റെ ശേഷിക്കൊത്ത് ഉപയോഗിക്കാം. ഈ പായ്ക്കറ്റുകളില്‍ ചെടികളുടെ വിത്തിനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമിനീരിലെ ബാക്ടീരിയ അടക്കമുള്ള അണുക്കളെ നിര്‍വീര്യമാക്കുവാനുള്ള വസ്തുക്കളും അതില്‍ അടങ്ങിയിട്ടുണ്ട്. ഉപയോഗം കഴിഞ്ഞ ശേഷം സ്പിറ്റൂണുകള്‍ സ്റ്റേഷനുകളിലെ പാത്രങ്ങളില്‍ നിക്ഷേപിക്കാം.
അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെ ഈ പായ്ക്കറ്റുകള്‍ക്ക് വിലയുണ്ട്. ഇത് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന വെന്‍ഡിംഗ് മെഷീനുകളില്‍ നിന്നും എടുക്കാവുന്നതാണ്.
കോവിഡ് കാലത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ട് പോലും യാത്രക്കാരുടെ തുപ്പല്‍ നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പരിഹാരമാർഗ്ഗം എന്നോണം പുതിയ വഴികൾ കണ്ടെത്തിയത്. വര്‍ഷത്തില്‍ 1200 കോടിയോളം രൂപയാണ് യാത്രക്കാരുടെ തുപ്പല്‍ നീക്കം ചെയ്ത് ട്രെയിനും, സ്റ്റേഷന്‍ പരിസരവും ശുചിയാക്കുന്നതിന് വേണ്ടി റെയില്‍വേ വിനിയോഗിക്കുന്നത്. പോരാത്തതിന് ഇതിനായി ധാരാളം ജലവും പാഴാക്കേണ്ടി വരുന്നു. ഇതിനു പരിഹാരമായിട്ടാണ് തുപ്പല്‍ പാത്രങ്ങളുടെ ഉപയോഗം.
വിവിധ അളവുകളില്‍ വരുന്നതും 15 മുതല്‍ 20 പ്രാവശ്യം വരെ പുനരുപയോഗിക്കാവുന്നതുമായ ഇത്തരം പൗച്ചുകളില്‍ വിത്തുകളും തുപ്പല്‍ ആഗിരണം ചെയ്ത് ഖര രൂപത്തിലേക്ക് മാറ്റുന്ന വസ്തുക്കളും അടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഈ പദ്ധതി മൂന്ന് റെയില്‍വേ സോണുകളിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ പായ്ക്കറ്റുകള്‍ ചെളിയിലോ മണ്ണിലോ നിക്ഷേപിക്കുമ്പോളാണ് വിത്തുകള്‍ മുളച്ച് ചെടികള്‍ വളരുന്നത്. നാഗ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ഈ പദ്ധതിക്ക് പിന്നില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.