ലഖിംപൂര്‍ രക്തസാക്ഷികളുടെ ചിതാഭസ്മവും വഹിച്ചു ക്കൊണ്ടുള്ള കര്‍ഷക പ്രതിഷേധ യാത്രയ്ക്ക് ഇന്ന് തുടക്കം

ലഖിംപൂര്‍ രക്തസാക്ഷികളുടെ ചിതാഭസ്മവും വഹിച്ചു ക്കൊണ്ടുള്ള കര്‍ഷക പ്രതിഷേധ യാത്രയ്ക്ക് ഇന്ന് തുടക്കം

ലക്‌നൗ: ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ചിതാഭസ്മവും വഹിച്ചു ക്കൊണ്ടുള്ള പ്രതിഷേധ യാത്രയ്ക്ക് ഇന്ന് തുടക്കം. കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചുകയറ്റിയ സംഭവം നടന്ന ടികുനിയ ഗ്രാമത്തില്‍ നിന്നുതന്നെയാണ് ചിതാഭസ്മ കലശ യാത്രയ്ക്കും തുടക്കം.

ആദ്യം ശ്രാദ്ധ ചടങ്ങുകള്‍ നടത്തും. അതിന് ശേഷമാണ് നാല് കര്‍ഷകരുടെയും ഒരു മാധ്യമ പ്രവര്‍ത്തകന്റെയും ചിതാഭസ്മം വഹിച്ചുള്ള കലശ യാത്ര ആരംഭിക്കുക.

രാജ്യവ്യാപകമായി ഇന്ന് കര്‍ഷക രക്തസാക്ഷി ദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്ക് സ്മരണാഞ്ജലിയായി രാത്രിയില്‍ അഞ്ച് മെഴുകുതിരികള്‍ കത്തിക്കാന്‍ അഖിലേന്ത്യാ കിസാന്‍ സഭയും ആഹ്വാനം ചെയ്തു.

അതേസമയം പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ലഖിംപൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചായിരുന്നു നടപടി. വിശദമായി ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും കസ്റ്റഡി അനിവാര്യമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ആശിഷ് മിശ്രയെ ഒരാഴ്ചയെങ്കിലും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.