സന്ദീപ് നായരുടെ തുറന്നു പറച്ചിലുകള്‍ സംശയാസ്പദം; മുന്‍ സ്പീക്കര്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞതില്‍ നിന്നും വിരുദ്ധം

സന്ദീപ് നായരുടെ തുറന്നു പറച്ചിലുകള്‍ സംശയാസ്പദം; മുന്‍ സ്പീക്കര്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞതില്‍ നിന്നും വിരുദ്ധം

കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായരുടെ തുറന്നു പറച്ചിലുകള്‍ സംശയാസ്പദമെന്ന് റിപ്പോര്‍ട്ടുകള്‍. ജയില്‍ മോചിതനായ ശേഷം പഴയ പരാതി ആവര്‍ത്തിക്കുന്നതിനൊപ്പം വൈരുധ്യങ്ങള്‍ നിറഞ്ഞ ചില 'പുതിയ' കാര്യങ്ങളും സന്ദീപ് കൂട്ടിച്ചേര്‍ത്തതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മുന്‍സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ പരസ്യമായി പറഞ്ഞതില്‍ നിന്നും വിരുദ്ധമാണ് സന്ദീപിന്റെ തുറന്നു പറച്ചില്‍ എന്നതാണ് സംശയത്തിന് കാരണം. ഇ.ഡിക്കെതിരെ മാത്രം ആരോപണം ഉന്നയിക്കുന്നതും സംശയം ജനിപ്പിക്കുന്നു.

'കാര്‍ബണ്‍ ഡോക്ടര്‍' എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ മുന്‍സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ വ്യക്തി ബന്ധത്തിന്റെ പേരില്‍ നേരിട്ടു ക്ഷണിച്ചെന്നാണ് സന്ദീപ് പറയുന്നത്. എന്നാല്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ പരിചയമുള്ള സ്വപ്നാ സുരേഷ് ക്ഷണിച്ചെന്നാണ് 2020 ജൂലൈയില്‍ ശ്രീരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയത്. അതേസമയം സന്ദീപുമായി വ്യക്തിബന്ധമുണ്ടെന്നോ അറിയാമെന്നോ ശ്രീരാമ കൃഷ്ണന്‍ എവിടെയും പറഞ്ഞിട്ടുമില്ല.

ലൈഫ് മിഷന്‍ ഇടപാടില്‍ കമ്മിഷന്‍ വാങ്ങിയതില്‍ എന്താണ് തെറ്റെന്നാണ് സന്ദീപിന്റെ ചോദ്യം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാട് സുതാര്യമായിരുന്നില്ല എന്ന അന്വേഷണ ഏജന്‍സികളുടെ ആരോപണത്തെ ശരിവെക്കുന്നതാണ് സന്ദീപിന്റെ ഈ തുറന്നു പറച്ചില്‍. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് ഡോളര്‍ക്കടത്തു കേസ് നിലനില്‍ക്കുന്നത്.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ മൂന്ന് ഏജന്‍സികളും രജിസ്റ്റര്‍ ചെയ്ത കേസുകളിലെല്ലാം പ്രതിയാണ് സന്ദീപ്. പക്ഷേ, ഇ.ഡിക്കെതിരേ മാത്രം സന്ദീപ് ആരോപണമുന്നയിക്കുന്നതിലാണ് ദുരൂഹത. കാരണം ഇ.ഡി അന്വേഷിക്കുന്നത് സ്വര്‍ണക്കടത്തല്ല അതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളാണ്. മൂന്ന് ഏജന്‍സികളില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയാക്കാനുള്ളത് ഇ.ഡിയാണ്.
2020 ഓഗസ്റ്റ് അഞ്ചു മുതല്‍ 17 വരെയാണ് സന്ദീപും സ്വപ്നയും സരിത്തും ഇ.ഡി കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഓഗസ്റ്റ് അഞ്ച്, 11, 14, 17 തീയതികളില്‍ കസ്റ്റഡിയും റിമാന്‍ഡും നീട്ടാന്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയും ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയുമായ കൗസര്‍ എടപ്പഗത്ത് എന്തെങ്കിലും പറയാനുണ്ടോയെന്ന് പ്രതികളോട് ചോദിച്ചിരുന്നു. അന്ന് ഇ.ഡി.ക്കെതിരേ പരാതിപറഞ്ഞത് സ്വപ്നാ സുരേഷ് മാത്രമായിരുന്നു.

പൂജപ്പുര ജയിലില്‍ എത്തിയശേഷമാണ് സന്ദീപ് ഇ.ഡിക്കെതിരേ കോടതിക്ക് കത്തെഴുതുന്നത്. മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ഒരു ഉന്നതനേതാവിന്റെ മകന്‍ എന്നിവരുടെ പേരുപറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നായിരുന്നു സന്ദീപിന്റെ പരാതി. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെക്കുറിച്ച് പരാമര്‍ശങ്ങളുള്ളത് കസ്റ്റംസ് അന്വേഷണ റിപ്പോര്‍ട്ടുകളിലാണ് താനും. സന്ദീപ് ആദ്യമായല്ല സ്വര്‍ണക്കടത്തില്‍ പ്രതിയാകുന്നത്. 2014-ല്‍ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ഈ കേസില്‍ 2017-ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.