ഡല്‍ഹിയില്‍ പാക് ഭീകരന്‍ പിടിയില്‍; കേരളത്തില്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

ഡല്‍ഹിയില്‍ പാക് ഭീകരന്‍ പിടിയില്‍; കേരളത്തില്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാകിസ്ഥാന്‍ ഭീകരന്‍ പിടിയില്‍. ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്കിന് സമീപത്തു നിന്ന് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ഭീകരനെ പിടികൂടിയത്. വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇയാള്‍ ഇന്ത്യയില്‍ താമസിച്ചിരുന്നത്. ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. നവരാത്രി ദിനത്തില്‍ സ്ഫോടനം നടത്തലായിരുന്നു ഭീകരന്റെ ലക്ഷ്യം.

ഭീകരാക്രമണ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തുകയാണ്. ഉത്തരേന്ത്യയില്‍ മാത്രം 18 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹി, യു.പി, കശ്മീര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ തേടിയാണ് ഉത്തരേന്ത്യയില്‍ റെയ്ഡ് നടക്കുന്നത്. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകള്‍ക്ക് സഹായം നല്‍കുന്നവരെയാണ് അന്വേഷിക്കുന്നത്.

ഏതാനും ദിവസങ്ങളായി കശ്മീരില്‍ ഭീകരാക്രമണം വര്‍ധിച്ച് വരികയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റെയ്ഡ്. ആളുകളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും പുതിയ രീതിയാണ് വിവിധ സംഘടനകള്‍ ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്.

ഒരാളെ സ്ഥരമായി റിക്രൂട്ട് ചെയ്ത് സായുധ പരിശീലനം നല്‍കുന്നതിന് പകരം ആളുകളെ തിരഞ്ഞെടുത്ത് പ്രത്യേക ഓപ്പറേഷനുകള്‍ക്ക് മാത്രമായി ഉപയോഗിക്കുക എന്നതാണ് രീതി. കൃത്യം നിര്‍വഹിച്ച് കഴിഞ്ഞാല്‍ ഇവരില്‍ നിന്ന് ആയുധങ്ങള്‍ മടക്കി വാങ്ങി പറഞ്ഞുവിടും. മുന്ദ്ര തുറമുഖത്ത് എത്തിയ മയക്കു മരുന്നിന് പിന്നിലും ഭീകരരുടെ സാന്നിധ്യം ഉണ്ടെന്നാണ് വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.