മോന്‍സന്റെ തട്ടിപ്പു കേസ്; അനിത പുല്ലയിലിനെ വിളിപ്പിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്

 മോന്‍സന്റെ തട്ടിപ്പു കേസ്; അനിത പുല്ലയിലിനെ  വിളിപ്പിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രവാസി മലയാളി അനിത പുല്ലയിലിനെ നാട്ടിലേക്കു വിളിപ്പിച്ച് ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അനിത പുല്ലയിലിന് അറിയാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ തുടര്‍ നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

അനിത അറിഞ്ഞുകൊണ്ടാണ് മോന്‍സന്റെ പല ഇടപാടും നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിളിച്ചു വരുത്തുന്നത്. മോന്‍സണും അനിതയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അനിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ശേഖരത്തിലെ ചില വസ്തുക്കള്‍ ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും സൂചനയുണ്ട്.

പല ഉന്നതരേയും മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. മോന്‍സണ്‍ മാവുങ്കലിനെ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താന്‍ ആണെന്ന് അനിത പുല്ലയില്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോള്‍ അത് പോലീസിനെ അറിയിച്ചെന്നും അനിത പറഞ്ഞിരുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോന്‍സനുമായി ഉണ്ടായിരുന്നതെന്നാണ് അനിത വിശദീകരിച്ചത്. ഏകദേശം മൂന്ന് വര്‍ഷം മുമ്പാണ് മോന്‍സന്‍ സംഘടനയുടെ ഭാഗമായത്. മോന്‍സന്റെ സൗഹൃദത്തില്‍ പെട്ടുപോയ ആളാണ് താനെന്നും അനിത പറഞ്ഞിരുന്നു.

അനിത പുല്ലയില്‍ കൊച്ചിയിലെത്തുമ്പോഴെല്ലാം മോന്‍സണുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വിദേശത്ത് നിന്ന് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് ആലോചിക്കുന്നത്. എന്നാല്‍ ഇത് എന്നത്തേക്ക് ഉണ്ടാകുമെന്ന കാര്യം വ്യക്തമല്ല. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈനായി ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.